ന്യൂഡൽഹി: ‘‘ശാഹീൻ ബാഗ് കളിക്ക് അന്ത്യം.’’ തോക്കുമായെത്തി ജാമിഅ വിദ്യാർഥികൾക്കിടയിൽ നുഴഞ്ഞു കയറി വെടിവെക്കുന്നതിന് മുമ്പായി സംഘ് പരിവാർ പ്രവർത്തകൻ രാം ഭക്ത് ഗോപാൽ േഫസ്ബുക്കിൽ കുറിച്ച വരികളാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര ധനകാര്യ സഹ മന്ത്രി അനുരാഗ് ഠാക്കൂറും അടക്കമുള്ള ബി.ജെ.പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗമാണ് അക്രമത്തിന് പ്രചോദനമായതെന്ന് തെളിയിക്കുന്നതാണ് ജാമിഅയിൽ വിദ്യാർഥികൾക്ക് നേരെ വെടിവെപ്പ് നടത്തി പിടിയിലായ രാം ഭക്ത് ഗോപാൽ ഫേസ്ബുക്കിൽ കുറിച്ച വരികൾ.
ഇത് തെൻറ അന്ത്യയാത്രയാണെന്നും ആരും തന്നെ വിളിക്കരുതെന്നും പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടുതുടങ്ങിയ ഗോപാൽ പിന്നീട് ജാമിഅയിൽനിന്ന് വിദ്യാർഥികൾ രാജ്ഘട്ടിലേക്കുള്ള മാർച്ചിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുേമ്പാൾ തന്നെ അതിനുള്ളിൽ നുഴഞ്ഞുകയറിയത് ലൈവായി നൽകി. പൗരത്വ സമരക്കാരായ വിദ്യാർഥികൾക്കിടയിൽ താനെത്തിയെന്ന വിവരം അറിയിച്ച ശേഷം ‘‘ശ്രീരാമനെ മനസ്സിൽ ഒാർത്ത് തെൻറ കൃത്യത്തിലേക്ക് കടക്കുകയാണെ’’ന്ന് ഫേസ്ബുക്കിൽ വീണ്ടും പോസ്റ്റിട്ടു.
പിന്നീട് ‘‘ശാഹീൻബാഗ് കളിക്ക് അന്ത്യം’’ എന്ന് പറഞ്ഞു പോസ്റ്റ് ഇട്ട ഗോപാൽ തുടർന്ന് സമരക്കാർ ജാമഅയിൽനിന്ന് പുറപ്പെടുന്നത് മുതൽ വെടിവെക്കുന്നത് വരെയുള്ള അഞ്ച് ലൈവുകൾ നൽകി. രാം ഭക്ത് ഗോപാൽ ആണ് പിടിയിലായതെന്ന് അറിഞ്ഞിട്ടും അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളും ലൈവുകളും സംഘ്പരിവാർ പ്രവർത്തകർ ഷെയർ ചെയ്തുകൊണ്ടിരുന്നു. അര ലക്ഷത്തിലധികം പേർ ഇവ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടും സാമൂഹിക മാധ്യമങ്ങളിൽ കൂടി അക്രമത്തിന് പ്രേരിപ്പിക്കുന്ന അവയൊന്നും ഡൽഹി െപാലീസ് നീക്കം െചയ്തില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഡൽഹി പൊലീസിനുമെതിരെ രൂക്ഷമായ വിമർശനമുയർന്ന ശേഷമാണ് വൈകീട്ട് 5.40ന് ഗോപാലിെൻറ ഫേസ്ബുക്ക് അക്കൗണ്ട് പൊതുജനത്തിന് ലഭ്യമല്ലാതാക്കിയത്.
ഗോപാൽ പിടിയിലാവുന്നതു വരെ ജയ് ശ്രീറാം വിളികളുമായി ആക്രമണത്തിന് ഫേസ്ബുക്കിൽ പ്രോത്സാഹനം നൽകിക്കൊണ്ടിരുന്ന സംഘ് പരിവാർ പ്രവർത്തകർ പിടിയിലായതോടെ പ്രതി മനോരോഗിയാണെന്നും പ്രായപൂർത്തി ആകാത്തവനാണെന്നുമുള്ള പ്രചാരണം അഴിച്ചുവിട്ടു. 19 വയസ്സുണ്ട് പ്രതിക്ക് എന്ന വിവരം ആദ്യം പൊലീസ് പുറത്തുവിട്ടുവെങ്കിലും പ്രായപൂർത്തിയാകാത്തയാളാണെന്ന പ്രചാരണവുമായി സർക്കാർ അനുകൂല മാധ്യമങ്ങളും രംഗത്തുവന്നു.