ജാമിഅ മില്ലിയയിലെ സമരത്തെ പിന്തുണച്ച കോൺഗ്രസ് എം.പിമാർക്കെതിരെ കേസെടുത്ത് പൊലീസ്
text_fieldsന്യൂഡൽഹി: വിദ്യാർഥി യൂനിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ കോൺഗ്രസ് എം.പിമാരായ ഇംറാൻ മസൂദ്, ഇംറാൻ പ്രതാപ്ഗഢി എന്നിവർക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അനുമതിയില്ലാതെ കാമ്പസിൽ പ്രവേശിച്ചെന്നും വിദ്യാർഥികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചെന്നും ആരോപിച്ച് സർവകലാശാലാ അധികൃതർ നൽകിയ പരാതിയിലാണ് നടപടി.
ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാർഥി യൂനിയന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 12നാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്. യൂനിയൻ തെരഞ്ഞെടുപ്പ് നടത്തുക, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികൾ പിൻവലിക്കുക, പ്രതിഷേധക്കാരെ അടിച്ചമർത്തുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലാ ചീഫ് പ്രോക്ടറെയും സുരക്ഷാ ഉപദേഷ്ടാവിനെയും നീക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. 2005ലാണ് കാമ്പസിൽ അവസാനമായി തെരഞ്ഞെടുപ്പ് നടത്തിയത്. പ്രതിഷേധക്കാരെ കാണാനെത്തിയ കോൺഗ്രസ് എം.പിമാർക്കെതിരെ സർവകലാശാലാ അധികൃതർ പരാതി നൽകിയതോടെ സമരം കൂടുതൽ വിവാദമായി.
അതേ സമയം സമരം പൊളിക്കാൻ സർവകലാശാല അടച്ചുപൂട്ടി ക്ലാസുകൾ ഓൺലൈനിലാക്കിയ ജാമിഅ മില്ലിയ സർവകലാശാല അധികൃതരുടെ നടപടി വിദ്യാർഥികൾ തന്നെ തന്ത്രപൂർവം ഇല്ലാതാക്കി. ലൈബ്രറി അടക്കം അടച്ചുപൂട്ടിയ കാമ്പസിൽ രാത്രി തമ്പടിച്ച വിദ്യാർഥികൾ പൊളിച്ചുനീക്കിയ പന്തൽ പുനഃസ്ഥാപിച്ച് സമരം പുനരാരംഭിച്ചതോടെയാണ് സർവകലാശാല തന്ത്രം പാളിയത്. ഗേറ്റിന് പുറത്ത് അവർക്ക് അഭിവാദ്യമർപ്പിക്കാന്‍ വിദ്യാർഥികൾ തടിച്ചുകൂടിയതോടെ ജാമിഅ വീണ്ടും സംഘർഷ ഭരിതമായി. വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ രേഖാമൂലം അറിയിക്കണമെന്ന സമരക്കാരുടെ ആവശ്യത്തിലുടക്കി വിദ്യാർഥികളും സർവകലാശാല നിയോഗിച്ച സമിതിയും തമ്മിലുള്ള ചർച്ച പൊളിഞ്ഞതോടെയാണ് കാമ്പസ് അടച്ചുപൂട്ടി ഓൺലൈനിലാക്കി സമരത്തിന് അന്ത്യം കുറിക്കാമെന്ന് സർവകലാശാല അധികൃതർ നീക്കം നടത്തിയത്.
ഞായറാഴ്ച ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ വിദ്യാർഥികളെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. വിദ്യാർഥിനികളെ വനിതാ പൊലീസ് നീക്കം ചെയ്തു. എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റിയ സർവകലാശാലയുടെ ഏഴാം നമ്പർ ഗേറ്റിന് സമീപമാണ് വിദ്യാർഥികൾ തടിച്ചുകൂടിയത്. കാമ്പസിനകത്ത് സമരം ചെയ്യുന്നവർ മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് സമരക്കാരായ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് എം.പിമാരായ ഇമ്രാൻ മസൂദും ഇമ്രാൻ പ്രതാപ്ഗഢിയും കാമ്പസ് സന്ദർശിച്ചത്. പിന്നാലെ ബി.ജെ.പിയും സർവകലാശാല അധികൃതരും രംഗത്തു വന്നു.
കശ്‍മീരിന് സ്വാതന്ത്ര്യം, ശർജീൽ ഇമാമിനെ വിട്ടയക്കുക തുടങ്ങിയ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതും ബി.ജെ.പിയെയും സർവകലാശാല അധികൃതരെയും പ്രകോപിതരാക്കി. ചുവരെഴുത്തുകൾ സർവകലാശാലയുടെ അന്തസിനും രാജ്യത്തിന്‍റെ പരമാധികാരത്തിനും നേരെയുള്ള ആക്രമണമാണെന്ന് വൈസ് ചാൻസലർ മഷർ ആസിഫും രജിസ്ട്രാർ മുഹമ്മദ് മഹ്ത്താബ് ആലം റിസ്‍വിയും കുറ്റപ്പെടുത്തി. ശർജീൽ ഇമാമിനെ മോചിപ്പിക്കണമെന്നുമുള്ള ആഹ്വാനങ്ങളിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
കാമ്പസിലെ സംഘർഷാവസ്ഥ മുൻനിർത്തിയാണ് സർവകലാശാലയിലെ എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് സർവകലാശാലയുടെ അവകാശവാദം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് മുൻകരുതൽ നടപടിയെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനിലായിരിക്കും അധ്യയനമെന്നും സർവകലാശാല അറിയിച്ചു.

