‘മുസ്ലിം സംവരണം ജാമിഅ മില്ലിയ അട്ടിമറിക്കുന്നു’
text_fieldsന്യൂഡൽഹി: ഗവേഷക സീറ്റുകളിലേക്കുള്ള മുസ്ലിം സംവരണം ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല അട്ടിമറിക്കുന്നതായി ആരോപണം. പ്രവേശന നടപടികളിൽ 50 ശതമാനം മുസ്ലിം സംവരണം നൽകണമെന്ന ജാമിഅ മില്ലിയ സർവകലാശാലയുടെ പ്രഖ്യാപിത നയം അട്ടിമറിക്കുകയും സ്ഥാപനത്തിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കുകയും ചെയ്യുന്ന ബന്ധപ്പെട്ടവരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് വ്യക്തമാക്കി.
സെന്റർ ഫോർ കൾചർ- മീഡിയ ആൻഡ് ഗവർണൻസിൽ ഏഴ് ഗവേഷക സീറ്റുകളിലേക്ക് ഒരു മുസ്ലിം വിദ്യാർഥിക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഹിസ്റ്ററി ആൻഡ് കൾചർ ഡിപ്പാർട്മെന്റിൽ 12 സീറ്റിൽ രണ്ട് മുസ്ലിം വിദ്യാർഥികൾക്കും സൈക്കോളജി ഡിപ്പാർട്മെന്റിൽ 10 സീറ്റിൽ രണ്ട് മുസ്ലിം വിദ്യാർഥികൾക്കും മാസ് കമ്യൂണിക്കേഷൻ റിസർച് സെന്ററിൽ നാല് സീറ്റിൽ മുസ്ലിം വിഭാഗത്തിൽനിന്നും ഒരാൾക്കും മാത്രമാണ് പ്രവേശനം ലഭിച്ചതെന്നും സംഘടന ആരോപിച്ചു. ഈ നടപടി 2021 ലെയും 2024ലെയും ജാമിഅയുടെ ഉത്തരവുകളെ ലംഘിക്കുന്നതാണ്. സംവരണ സീറ്റുകളിൽ വിദ്യാർഥികളില്ലെങ്കിൽ അവ ഒഴിച്ചിടണമെന്നാണ് ജാമിഅ മില്ലിയയുടെ നയമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, സാമ്പത്തിക പിന്നാക്ക സംവരണം (ഇ.ഡബ്ല്യു.എസ്) ജാമിഅ മില്ലിയയിൽ ബാധകമല്ല. എന്നിട്ടും അത് അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ കുറ്റപ്പെടുത്തി. അതിനിടെ, പ്രതിഷേധങ്ങളിൽ ഭാഗമായതിന് സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ജാമിഅ കാമ്പസിൽ പ്രതിഷേധം ശക്തമായി. തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ കൂട്ടമായി ക്ലാസുകൾ ബഹിഷ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

