ജാമിഅ മില്ലിയ വിദ്യാർഥി സമരം ആളിക്കത്തുന്നു; സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് സർവകലാശാലയുടെ അവസാന മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം മൂന്നാഴ്ചയിലേക്ക് കടക്കവെ, സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് അന്ത്യശാസനവുമായി സർവകലാശാലാ അധികൃതർ. നോർത്ത് ക്യാമ്പസിലെ ഗുലിസ്ഥാൻ-ഇ-ഗാലിബ് കെട്ടിടവും ഗാലിബ് പുൽത്തകിടിയും ഉടനടി ഒഴിഞ്ഞ് പുറത്തുപോകണമെന്ന് വിദ്യാർഥികൾക്ക് സർവകലാശാല 'അവസാന മുന്നറിയിപ്പ്' നൽകി. ഉത്തരവ് ലംഘിച്ചാൽ കർശനമായ അച്ചടക്ക-നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ക്യാമ്പസിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് എല്ലാ കോഴ്സുകളുടെയും ക്ലാസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ മാതൃകയിലേക്ക് മാറ്റിയതായി രജിസ്ട്രാർ അറിയിച്ചു. എന്നാൽ, യൂണിയൻ ഭരണഘടന അംഗീകരിക്കുന്നതിനും തെരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള കൃത്യമായ തീയതി രേഖാമൂലം നൽകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ.
കരാർ തള്ളി ഒരു വിഭാഗം; നിരാഹാര സമരം തുടരുന്നു
2006-ന് ശേഷം സർവകലാശാലയിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 12-നാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ വിദ്യാർഥികൾക്ക് നൽകിയ സസ്‌പെൻഷൻ ഉത്തരവുകളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കാമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇതിന് പകരമായി അധികൃതർക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്നും ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നുമായിരുന്നു വ്യവസ്ഥ. തുടർന്ന് ഒരു വിഭാഗം സമരം അവസാനിപ്പിച്ചെങ്കിലും, മറ്റൊരു കൂട്ടം വിദ്യാർഥികൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല.
യൂണിയൻ ഭരണഘടന അംഗീകരിച്ച് കൃത്യം 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താമെന്ന് അധികൃതർ വാക്കാൽ പറയുന്നുണ്ടെങ്കിലും, ഭരണഘടന എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കൃത്യമായ സമയക്രമം നൽകാത്തതാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. ബിഹാറിലെ മുൻഗറിൽ നിന്നുള്ള പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർഥി റിതിക് കുമാർ ഉൾപ്പെടെയുള്ളവർ നിരാഹാര സമരം തുടരുകയാണ്. ദിവസവും രാവിലെ മെഡിക്കൽ സംഘം പരിശോധനയ്ക്ക് എത്തുന്നുണ്ടെങ്കിലും സമരക്കാർക്ക് ഭക്ഷണവും കുടിവെള്ളവും നിഷേധിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേതെന്ന് റിതിക് കുമാർ ആരോപിച്ചു. ചീഫ് പ്രോക്ടറും സെക്യൂരിറ്റി അഡ്വൈസറും രാജി വെക്കണമെന്നും റഗുലർ ഫീസ് വാങ്ങി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
മൂന്ന് പ്രതിപക്ഷ എം.പിമാർക്കെതിരെ കേസ്; ക്യാമ്പസിൽ വൻ പോലീസ് സന്നാഹം
വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്, സമാജ്‌വാദി പാർട്ടി എം.പിമാർ ക്യാമ്പസ് സന്ദർശിച്ച സംഭവത്തിൽ ഡൽഹി പൊലീസ് മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. മുഹമ്മദ് മഹ്താബ് ആലം റിസ്‌വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. അനുമതിയില്ലാതെ ക്യാമ്പസിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് കോൺഗ്രസ് എം.പിമാരായ ഇമ്രാൻ പ്രതാപ്ഗഢി, ഇമ്രാൻ മസൂദ് എന്നിവർക്കെതിരെയും ക്യാമ്പസിലേക്ക് പോകാൻ ശ്രമിക്കവെ കസ്റ്റഡിയിലെടുത്ത സമാജ്‌വാദി പാർട്ടി എം.പി മൊഹിബുള്ള നദ്‌വിക്കെതിരെയുമാണ് അതിക്രമിച്ചു കടക്കൽ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.
ഗേറ്റ് 18 ആണ് സമരങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലമെന്നും എന്നാൽ പ്രധാന ബ്ലോക്കുകളും ഗാലിബ് പുൽത്തകിടിയും കൈയേറി സമരം ചെയ്യുന്നത് പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് ഡിപ്പാർട്ട്‌മെന്റുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും സർവകലാശാല ന്യായീകരിക്കുന്നു. ക്യാമ്പസിന് പുറത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. രേഖാമൂലമുള്ള കൃത്യമായ ഉറപ്പ് ലഭിക്കാതെ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കിയതോടെ ജാമിഅയിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്.

