ജാമിഅ മില്ലിയ പ്രവേശന പരീക്ഷ: കോഴിക്കോട്ട് പരീക്ഷാകേന്ദ്രം അനുവദിച്ചു
text_fieldsമാർച്ച് ഏഴിന് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
ന്യൂഡൽഹി: എം.പിമാരുടെ ഇടപെടലിനും പ്രതിഷേധങ്ങൾക്കും പിന്നാലെ കേരളത്തിലെ പ്രവേശന പരീക്ഷാകേന്ദ്രം പുനഃസ്ഥാപിച്ച് ജാമിഅ മില്ലിയ്യ ഇസ്ലാമിയ സർവകലാശാല. തിരുവനന്തപുരത്തിന് പകരം കോഴിക്കോട് പരീക്ഷാ കേന്ദ്രം അനുവദിച്ച് സർവകലാശാല പുതിയ അധ്യയന വർഷത്തേക്കുള്ള പ്രോസ്പെക്ടസ് പുതുക്കി.
ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായ തിരുവനന്തപുരം സെന്റർ ഒഴിവാക്കിയായിരുന്നു നേരത്തെയുള്ള പ്രോസ്പെക്ടസ്. വിഷയത്തിൽ എം.പിമാരുടെ ഇടപെടൽ ഉണ്ടായതിന് പിന്നാലെയാണ് കോഴിക്കോട്ട് പരീക്ഷാ കേന്ദ്രം അനുവദിച്ചത്.
ഡൽഹി, ലഖ്നോ, ഗുവാഹതി, പട്ന, കൊൽക്കത്ത, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ വർഷം ജാമിഅ പ്രവേശന പരീക്ഷാ സെന്റററുകൾ. 2020 വരെ കേരളത്തിലെ പരീക്ഷാകേന്ദ്രം കോഴിക്കോടായിരുന്നു. 2021 മുതലാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇത്തവണ തിരുവനന്തപുരം ഒഴിവാക്കി ഭോപാലിലും മാലേഗാവിലും പുതിയ സെന്ററുകൾ അനുവദിക്കുകയായിരുന്നു. ഇതേത്തുടർന്ന് എം.പിമാരായ ഹാരിസ് ബീരാൻ, ശശി തരൂർ, പി.സന്തോഷ് കുമാർ എന്നിവർ രംഗത്തുവന്നു.
കേരളത്തിലെ സെന്റർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹാരിസ് ബീരാൻ എം.പി ജാമിഅ വൈസ്ചാൻസലർക്ക് കത്തയച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഉടൻ കാണുമെന്നും വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്നും പി.സന്തോഷ് കുമാറും വ്യക്തമാക്കി. ദക്ഷിണേന്ത്യൻ വിദ്യാർഥികളെ ആവശ്യമില്ലെന്ന് ജാമിഅ മില്ലിയ്യ സർവകലാശാല തീരുമാനിച്ചോ എന്ന് ശശി തരൂർ ചോദിച്ചു. ജാമിഅ അധികൃതരുടെ നടപടിയിൽ എം.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടനകളും പ്രതിഷേധിച്ചിരുന്നു.
പരീക്ഷാകേന്ദ്രം മാറ്റിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് പരീക്ഷക്ക് മാത്രമായി ആയിരക്കണക്കിന് കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

