ന്യൂഡൽഹി: ജെ.എൻ.യു, ജാമിഅ മില്ലിയ സർവകലാശാലകളിൽ നടന്ന സംഘ്പരിവാർ, പൊലീസ് അത ിക്രമങ്ങളിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ഭല്ല, ഡൽഹി പൊലീസ് കമീഷണർ അ മുല്യ പട്നായിക് എന്നിവർ തിങ്കളാഴ്ച പാർലമെൻററി സമിതിക്കു മുമ്പാകെ ഹാജരാകും. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജാമിഅ മില്ലിയ്യ സർവകലാശാലയിലും ഫീസ് വർധനയുമായി ബന്ധപ്പെട്ട് ജെ.എൻ.യുവിലും നടത്തിയ സമരങ്ങളിൽ വിദ്യാർഥികൾ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇരുവരും സമിതിക്കു മുമ്പാകെ വിശദീകരണം നൽകും.
കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ ആനന്ദ് ശർമ അധ്യക്ഷനായ ആഭ്യന്തരകാര്യ പാർലമെൻറ് സമിതിയാണ് ഇരുവരെയും വിളിച്ചുവരുത്തുന്നത്.
തലസ്ഥാന നഗരിയിലെ ക്രമസമാധാന വിഷയമടക്കം വിശദ റിപ്പോർട്ട് ഹാജരാക്കാൻ ആഭ്യന്തര സെക്രട്ടറിയോടും പൊലീസ് കമീഷണറോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അലീഗഢ് സർവകലാശാല വിദ്യാർഥികൾ ഉത്തർപ്രദേശ് പൊലീസിെൻറ ക്രൂര അതിക്രമത്തിന് ഇരയായ സംഭവത്തിൽ ആരെയും വിളിച്ചുവരുത്തിയിട്ടില്ല. ഡിസംബർ 15നാണ് ജാമിഅ, അലീഗഢ് സർവകലാശാലകൾ പൊലീസ് അതിക്രമത്തിന് ഇരയായത്. ഫീസ് വർധനെക്കതിരെ സമരം ചെയ്യുന്ന ജെ.എൻ.യു വിദ്യാർഥികളെ എ.ബി.വി.പി പ്രവർത്തകരാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. ഇവർക്ക് ഡൽഹി പൊലീസ് കൂട്ടുനിന്നെന്ന ആരോപണം ശക്തമാണ്.
അതിനിടെ, ജാമിഅ മില്ലിയ്യ, ജെ.എൻ.യു കാമ്പസുകൾ കോൺഗ്രസ് നേതാവ് ശശി തരൂർ ഞായാറാഴ്ച സന്ദർശിച്ചു. ഡി.എം.കെ നേതാവ് ഉദയ്നിധി സ്റ്റാലിനും ഞായറാഴ്ച ജെ.എൻ.യു സന്ദർശിച്ചു.