തമിഴ്‌നാട്ടിൽ ‘ജെല്ലിക്കെട്ടി’ലും ‘മഞ്ഞുവിരട്ടി’ലും ഏഴു മരണം; നൂറു കണക്കിനു പേർക്ക് പരിക്ക്
text_fieldsചെന്നൈ: പൊങ്കൽ ദിനത്തിൽ തമിഴ്‌നാട്ടിൽ ഉടനീളം നടന്ന ജെല്ലിക്കെട്ട്, മഞ്ഞുവിരട്ട് മത്സരാഘോഷങ്ങളിൽ ഏഴു പേർ കൊല്ലപ്പെട്ടു. കാണികളിൽപ്പെട്ടവരും ഒരു കാള ഉടമയുമാണ് മരിച്ചത്.
വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കാളകളും ചത്തു. പുതുക്കോട്ടയിൽ പരിപാടിക്കിടെ ഒരു കാളയും ശിവഗംഗയിലെ സിറവയൽ മഞ്ഞുവിരട്ടിൽ മറ്റൊരു കാളയും ചത്തതായി പൊലീസ് പറഞ്ഞു. സിറവയലിലെ ‘മഞ്ഞുവിരട്ടിൽ’ പങ്കെടുക്കാൻ കാളയെ കൊണ്ടുവന്ന ആവന്ധിപ്പട്ടി ഗ്രാമത്തിലെ തനീഷ് രാജയും ജെല്ലിക്കെട്ടിനിടെ കിണറ്റിൽ വീണ കാളയും ജീവൻ വെടിഞ്ഞു. കാളയെ പിടിക്കാൻ കിണറ്റിൽ ചാടിയ രാജയും കാളയും മുങ്ങിമരിക്കുകയായിരന്നു. 150 ചൂണ്ടക്കാരും 250 കാളകളും പങ്കെടുത്ത മഞ്ഞുവിരട്ടിൽ 130ഓളം പേർക്ക് പരിക്കേറ്റു.
ദേവകോട്ടയിലെ കാഴ്ചക്കാരനായ സുബ്ബയ്യയെ കാളയുടെ കുത്തേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മധുരയിലെ അളങ്കനല്ലൂരിൽ വാടിപ്പട്ടിക്ക് സമീപമുള്ള മേട്ടുപ്പട്ടി ഗ്രാമത്തിലെ പെരിയസാമി(55) എന്ന കാഴ്ചക്കാരന്റെ കഴുത്തിൽ കാള ഇടിക്കുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ വെച്ചാണ് പെരിയസാമി മരിച്ചത്.
തിരുച്ചിറപ്പള്ളി, കരൂർ, പുതുക്കോട്ട ജില്ലകളിൽ നടന്ന നാല് വ്യത്യസ്ത ജെല്ലിക്കെട്ട് മത്സരങ്ങളിൽ രണ്ട് കാണികൾ കൊല്ലപ്പെടുകയും കാള ഉടമകൾ ഉൾപ്പെടെ 148 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരൂർ ജില്ലയിലെ കുഴുമണിക്ക് സമീപം സമുദ്രം സ്വദേശി കുളന്തൈവേലു (60) എന്ന കാഴ്ചക്കാരനാണ് ജല്ലിക്കെട്ട് മത്സരത്തിനിടെ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പുതുക്കോട്ട ജില്ലയിലെ മഹാദേവപട്ടിയിൽ 607 കാളകളും 300 മെരുക്കൻമാരും പങ്കെടുത്തു. ഇവിടെ 10 പേർക്ക് പരിക്കേറ്റു. പുതുക്കോട്ട ജില്ലയിലെ വണ്ണിയൻ വിടുതി ജല്ലിക്കെട്ടിൽ 19 ഓളം പേർക്ക് പരിക്കേറ്റു.
നാണയങ്ങൾ അടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്പിൽ കെട്ടിയിടും. ഈ കാളയെ കീഴ്പ്പെടുത്തുന്നയാൾക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളിയുടെ നിയമം. കാളയെ പിന്തുടരുക എന്നർഥം വരുന്ന ‘മഞ്ഞുവിരട്ട്’ എന്ന പ്രാദേശിക പദമാണ് ഗ്രാമവാസികൾ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

