ഭീകരതയെ രാഷ്ട്രീയ ആയുധമാക്കരുത്; പാക് അനുകൂല നിലപാടിൽ അമേരിക്കക്ക് മറുപടിയുമായി ജയ്ശങ്കർ
text_fieldsഎസ് ജയ്ശങ്കർ
ന്യൂഡൽഹി: പാകിസ്താനുമായുള്ള ബന്ധത്തെ ന്യായീകരിച്ച അമേരിക്കക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഭീകരതയെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും അതിനെ രാഷ്ട്രതന്ത്രത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ പേരിൽ ഭീകരതയെ കണ്ടില്ലെന്ന് നടിക്കുന്ന രാജ്യങ്ങളുണ്ടെന്നും അതാണ് ഭീകരത ഇപ്പോഴും തുടരാൻ കാരണമെന്നും ജയ്ശങ്കർ വിമർശിച്ചു.
ഡൽഹിയിൽ നടന്ന ഒരു നയതന്ത്ര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും, അമേരിക്കക്കും പാകിസ്താനുമുള്ള ശക്തമായ മറുപടിയായാണ് നയതന്ത്രജ്ഞർ ഈ പരാമർശത്തെ വിലയിരുത്തുന്നത്.
"ഭീകരത സമാധാനത്തിന് മാരകമായ ഭീഷണിയാണ്. അതിനെ ഒരിക്കലും ന്യായീകരിക്കാനോ യുക്തിസഹമാക്കാനോ കഴിയില്ല. എന്നിട്ടും അത് തുടരുന്നു. കാരണം, എല്ലാ രാജ്യങ്ങളും അതിനെതിരെ സഹിഷ്ണുതയില്ലാത്ത നിലപാട് എടുക്കുന്നില്ല. ചരിത്രം നിരവധി പാഠങ്ങൾ പഠിപ്പിച്ചിട്ടും ചിലർ ഇപ്പോഴും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഭീകരതയെ അവഗണിക്കുന്നു. ഭീകരതയെ ഒരു ഉപകരണമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും" ജയ്ശങ്കർ പറഞ്ഞു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ജയ്ശങ്കറിന്റെ ഈ പ്രതികരണം എന്നതാണ് ശ്രദ്ധേയം. ഇന്ത്യ സന്ദർശനത്തിനിടെ പാകിസ്ഥാനുമായുള്ള അമേരിക്കയുടെ അടുപ്പത്തെ റൂബിയോ പരസ്യമായി ന്യായീകരിച്ചിരുന്നു. പാകിസ്ഥാനുമായി ബന്ധം പുലർത്തുന്നതിലൂടെ ഭീകരത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അവരെ സ്വാധീനിക്കാനും നിയന്ത്രിക്കാനും കഴിയുമെന്നായിരുന്നു റൂബിയോയുടെ വാദം.
പാകിസ്ഥാനുമായുള്ള ബന്ധം പല വിഷയങ്ങളിലും അവരുടെ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താൻ തങ്ങളെ സഹായിക്കുമെന്നും ഭീകരതയെ നേരിടാൻ അമേരിക്കയെക്കാൾ കൂടുതൽ ചെയ്യുന്ന മറ്റൊരു രാജ്യവുമില്ലെന്നായിരുന്നു റൂബിയോ പറഞ്ഞത്. മുംബൈയിലെ താജ് ഹോട്ടലിൽ വെച്ച് ഇന്ത്യ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലും റൂബിയോ ഇതേ നിലപാട് ആവർത്തിച്ചു. പാകിസ്ഥാനുമായുള്ള ബന്ധം ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും, ഭീകരതയെക്കുറിച്ച് ഇരു രാജ്യങ്ങൾക്കും ഒരേ ആശങ്കയാണുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ ഭീകരതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇന്ത്യയുടേതെന്ന് ജയ്ശങ്കർ വ്യക്തമാക്കി. ഭീകരതയെ എല്ലാ രൂപത്തിലും ഭാവത്തിലും ചെറുക്കാൻ ലോകം ഒന്നിക്കണമെന്നും രാഷ്ട്രീയ പരിഗണനകൾ അതിന് തടസ്സമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്ത് നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചും സംസാരിച്ച അദ്ദേഹം എവിടെയെങ്കിലും യുദ്ധമുണ്ടായാൽ അത് ലോകമെമ്പാടുമുള്ള സമാധാനത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി. യുക്രൈനിലും പശ്ചിമേഷ്യയിലും നടക്കുന്ന യുദ്ധങ്ങൾക്ക് സംഭാഷണവും നയതന്ത്രവുമാണ് ഏക പരിഹാരമെന്ന ഇന്ത്യയുടെ നിലപാടും അദ്ദേഹം ആവർത്തിച്ചു.

