മരുന്നുക്ഷാമം: ശസ്ത്രക്രിയകൾ നിർത്തി ശ്രീലങ്ക
text_fieldsകൊളംബോ: സാമ്പത്തിക ഞെരുക്കത്തിൽ ഉഴലുന്ന ശ്രീലങ്കയിലെ ആശുപത്രികൾ മരുന്നുക്ഷാമത്തെതുടർന്ന് ശസ്ത്രക്രിയകൾ നിർത്തിവെച്ചു. സെൻട്രൽ കാൻഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയിലാണ് ശസ്ത്രക്രിയകൾ നിർത്തിവെച്ചത്. എല്ലാ ശസ്ത്രക്രിയകളും താൽക്കാലികമായി നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ ശ്രീലങ്കൻ സന്ദർശനത്തിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ സഹായവും വാഗ്ദാനം ചെയ്തു. ലങ്കൻ ആശുപത്രിക്ക് സഹായം നൽകാൻ ചൊവ്വാഴ്ച ഇന്ത്യൻ ഹൈകമീഷണർ ഗോപാൽ ബഗ്ലേയോട് ജയ്ശങ്കർ ആവശ്യപ്പെട്ടു.
ആശുപത്രിയിൽ അനസ്തേഷ്യക്കും ശസ്ത്രക്രിയക്കും ഉപയോഗിക്കുന്ന നിരവധി മരുന്നുകൾക്കും ഉപകരണങ്ങൾക്കും ക്ഷാമമുണ്ട്. അഡ്മിറ്റ് ചെയ്ത രോഗികളുടെ ശസ്ത്രക്രിയകൾ ഉൾപ്പെടെ നിർത്താനാണ് നിർദേശിച്ചത്. അതിനിടെ ദക്ഷിണേന്ത്യക്കും ശ്രീലങ്കക്കും ഇടയിലുള്ള പാക് കടലിടുക്കിലെ മൂന്ന് ദ്വീപുകളിൽ കാറ്റാടിപ്പാടങ്ങൾ നിർമിക്കുന്ന 12 ദശലക്ഷം ഡോളറിന്റെ പദ്ധതിക്കായി ശ്രീലങ്കയുമായി ഇന്ത്യ ധാരണയിലെത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ കൊളംബോ സന്ദർശനത്തിനിടെയാണ് ധാരണപത്രം ഒപ്പിട്ടത്.
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ധനസഹായത്തോടെ ചൈനീസ് സ്ഥാപനത്തിനായിരുന്നു നിർമാണച്ചുമതല. മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതിൽ ആശങ്കയിലായിരുന്ന ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തെതുടർന്ന് നിർമാണം തുടങ്ങാനാവാത്ത പദ്ധതി പിന്നീട് ഉപേക്ഷിച്ചു.