മുമ്പും വിലങ്ങ് വെച്ചിട്ടുണ്ട്, പുതുതായി ഒന്നും സംഭവിച്ചിട്ടില്ല; യു.എസിന്റെ നാടുകടത്തലിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി
text_fieldsന്യൂഡൽഹി: യു.എസിൽ നിന്ന് നാടുകടത്തിയവരെ വിലങ്ങ്് വെച്ച് കൊണ്ടുവന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.നാടുകടത്തൽ നേരിട്ട ഇന്ത്യക്കാരെ വിലങ്ങണിയിച്ച് കൊണ്ടുവന്നതിൽ കോൺഗ്രസ് പാർലമെന്റിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഈ നാടുകടത്തൽ സർക്കാർ അറിഞ്ഞിരുന്നോ എന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം.
104 പേരെ മടക്കി അയക്കുന്ന കാര്യം യു.എസ് അറിയിച്ചിരുന്നുവെന്ന് വിദേശകാര്യമന്ത്രി മറുപടി നൽകി. യു.എസിന്റെ നാടുകടത്തൽ ഇതാദ്യമല്ലെന്നും ജയ്ശങ്കർ ന്യായീകരിച്ചു. മുമ്പും വിലങ്ങ് വെച്ചിട്ടുണ്ട്, പുതുതായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റം തടയാൻ ഓരോ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. എന്നാൽ നയതന്ത്ര പരാജയമാണ് നടന്നതെന്നും
ചെറിയ രാജ്യങ്ങൾ പോലും സ്വന്തം വിമാനം അയച്ച് പൗരൻമാരെ കൊണ്ടുവരുന്നുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തിരിച്ചെത്തിയവരെ ഇന്ത്യൻ മണ്ണിലും വിലങ്ങണിയിച്ച് നടത്തിയെന്ന് ആർ.ജെ.ഡിയും ആരോപിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് വൈകീട്ട് 3.30വരെ സഭ നിർത്തിവെച്ചു.
ഇന്ത്യക്കാരെ വിലങ്ങണിയിച്ചല്ല അമേരിക്കയിൽ നിന്ന് കൊണ്ടുവന്നതെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിനെ നിരാകരിക്കുന്ന വിവരങ്ങളാണ് നാടുകടത്തപ്പെട്ടവർ നൽകിയത്. കൈകാലുകൾ വിമാനയാത്രയിൽ ഉടനീളം ബന്ധിച്ചുവെന്നും സൈനിക വിമാനം അമൃത്‌സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് വിലങ്ങഴിച്ചതെന്നും എത്തിയവർ വ്യക്തമാക്കിയിരുന്നു.
പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ട്രംപ് ഭരണകൂടം, വിവിധ സംസ്ഥാനങ്ങളിൽനിന്നായാണ് 104 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ നാടുകടത്തുമെന്നും വിവരമുണ്ട്. ബുധനാഴ്ച അമൃത്‌സറിൽ എത്തിയവരിൽ 33 വീതം പേർ ഹരിയാന, ഗുജറാത്ത് സ്വദേശികളാണ്. 30 പേർ പഞ്ചാബ് സ്വദേശികളും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് വീതം പേരും ചണ്ഡിഗഡിൽ നിന്നുള്ള ഒരാളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

