'പ്രധാനമന്ത്രിക്ക് ഉണരാൻ 9.5 വർഷമെടുത്തു'; ട്രൈബൽ സർവകലാശാല വാഗ്ദാനത്തിൽ മോദിയെ വിമർശിച്ച് ജയറാം രമേശ്
text_fieldsന്യൂഡൽഹി: തെലങ്കാനയിൽ കേന്ദ്ര ട്രൈബൽ സർവകലാശാല സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ്. മോദിക്ക് ഉണരാൻ വരാൻ 9.5 വർഷം സമയമെടുത്തുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. അതേസമയം തെലങ്കാനയുടെ രൂപീകരണത്തോട് അനുബന്ധിച്ചുള്ള ആന്ധ്രപ്രദേശ് പുന:സംഘടന നിയമത്തിൽ നിലവിൽ മോദി വാഗ്ദാനം ചെയ്ത ട്രൈബൽ സർവകലാശാലയെ കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് ജയ്റാം രമേശ് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പൂർണപരാജയം നേടുമെന്ന തിരിച്ചറിവാകാം മോദിക്ക് 9.5 വർഷം കഴിഞ്ഞുള്ള നിലവിലെ ബോധോദയത്തിന് കാരണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
"പ്രധാനമന്ത്രി തെലങ്കാനയിൽ ട്രൈബൽ സർവകലാശാല കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
2014ൽ പുറത്തിറങ്ങിയ ആന്ധ്രപ്രദേശ് പുന:സംഘടന നിയമത്തിലെ പതിമൂന്നാം ഷെഡ്യൂളിൽ ആന്ധ്രപ്രദേശിന് പുറമെ തെലങ്കാനയിലും ഒരു ട്രൈബൽ സർവകലാശാല സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയാമോ? വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന തോന്നലുണ്ടാകേണ്ടി വന്നു പ്രധാനമന്ത്രിക്ക് 9.5 വർഷത്തിന് ശേഷം ഉയർത്തെഴുന്നേൽക്കാൻ" - ജയറാം രമേശ് പറഞ്ഞു.
ഞായറാഴ്ച നടന്ന പരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി തെലങ്കാനയിൽ ട്രൈബൽ സർവകലാശാല കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.