യുവ വോട്ടർമാരെ ഒഴിവാക്കാൻ ഫോം 6ൽ തിരിമറി; ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് കോൺഗ്രസ്
text_fieldsജയറാം രമേശ്, രാഹുൽ ഗാന്ധി
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ഫോം 6-ൽ നിയമവിരുദ്ധമായ ഭേദഗതികൾ വരുത്തി പുതിയ വോട്ടർമാരെയും ജൻ-സി തലമുറയെയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ബോധപൂർവം ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഭരണഘടനാ ചട്ടങ്ങളും പാർലമെന്റ് പാസാക്കിയ നിയമങ്ങളും കാറ്റിൽപ്പറത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്ന പുതിയ വോട്ടർമാരുടെ മാതാപിതാക്കളോ മുത്തശ്ശി-മുത്തശ്ശന്മാരോ മുൻപത്തെ പ്രത്യേക തീവ്ര പുനരവലോകനത്തിൽ (എസ്.ഐ.ആർ) ഉൾപ്പെട്ടിരുന്നോ എന്ന് ചോദിക്കുന്ന പുതിയൊരു നിർബന്ധിത കോളം ഫോം 6-ൽ കമ്മീഷൻ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണം. ഇത് കന്നിവോട്ടർമാർക്ക് മുന്നിൽ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും തികച്ചും നിയമവിരുദ്ധമായ നടപടിയാണിതെന്നും ജയറാം രമേശ് 'എക്സി'ൽ കുറിച്ചു. 1950-ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും 1960-ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരവും ഫോം 6-ൽ ഭേദഗതി വരുത്താനുള്ള അധികാരം പാർലമെന്റിനെ അറിയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് മാത്രമുള്ളതാണ്. എന്നാൽ യാതൊരു ഔദ്യോഗിക വിജ്ഞാപനവുമില്ലാതെ ജൂലൈ മാസത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി ഓൺലൈൻ ഫോമിൽ മാറ്റം വരുത്തുകയാണുണ്ടായത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ തിട്ടൂരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ അധികാരപരിധി ലംഘനമെന്നും അദ്ദേഹം ആരോപിച്ചു.
ഫോം 6-ൽ വരുത്തിയ ഈ നിയമവിരുദ്ധ മാറ്റങ്ങൾ പിൻവലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. വിഷയം കടുത്ത രാഷ്ട്രീയ വിവാദമായതോടെ പരിഭ്രാന്തരായ തെരഞ്ഞെടുപ്പ് കമ്മീഷൻ, യുവ വോട്ടർമാർക്കായി ഡൽഹിയിലെ കോളേജുകളിലും സർവകലാശാലകളിലും സെപ്റ്റംബർ 29, 30 തീയതികളിൽ പ്രത്യേക എൻറോൾമെന്റ് ക്യാമ്പുകൾ നടത്താൻ രാത്രി തിടുക്കപ്പെട്ട് ഉത്തരവിടുകയായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതുപോലെ തെറ്റ് തിരുത്താൻ ഗ്യാനേഷ് കുമാറിന് മുന്നിലുള്ള ഏക വഴി രാജി വെച്ച് മാപ്പുസാക്ഷിയാവുക എന്നതാണെന്നും കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം, ഫോം 6-ൽ നിയമപരമായ ഭേദഗതി വരുത്തിയിട്ടില്ലെന്നും ഭരണപരമായ നിർദ്ദേശങ്ങളിലൂടെ ഒരു അനുബന്ധ ഡിക്ലറേഷൻ മാത്രമാണ് ഉൾപ്പെടുത്തിയതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളുടെ അനൗദ്യോഗിക വിശദീകരണം. എന്നാൽ ഈ ഡിക്ലറേഷൻ പൂരിപ്പിക്കാതെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയില്ലെന്നിരിക്കെ, കമ്മീഷൻ സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

