Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനസംഖ്യാ കണക്കെടുപ്പ് നേരത്തെയാക്കിയത് എന്തിന്?; കേന്ദ്രത്തിനെതിരെ ജയറാം രമേശ്

text_fields
bookmark_border
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനസംഖ്യാ കണക്കെടുപ്പ് നേരത്തെയാക്കിയത് എന്തിന്?; കേന്ദ്രത്തിനെതിരെ ജയറാം രമേശ്
cancel

ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2027ലെ സെൻസസിന്റെ ഭാഗമായ ജനസംഖ്യാ കണക്കെടുപ്പ് നേരത്തെയാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്ന് നേരത്തേ അറിയാമായിരുന്നിട്ടും കണക്കെടുപ്പ് നേരത്തെയാക്കിയത് കേന്ദ്രത്തിന്റെ ആസൂത്രണത്തിലെ വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

“2021ൽ നടക്കേണ്ടിയിരുന്ന സെൻസസിന്റെ ഭാഗമായി 2027 ഫെബ്രുവരിയിൽ നടത്താനിരുന്ന ജനസംഖ്യാ കണക്കെടുപ്പാണ് അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ നേരത്തെയാക്കിയത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്ന് നേരത്തേ അറിയാമായിരുന്ന സാഹചര്യത്തിൽ ഇത് ആസൂത്രണത്തിലെ വീഴ്ചയാണ് കാണിക്കുന്നത്. പെട്ടെന്നുണ്ടായ ഈ ബോധോദയം എന്തിനാണെന്നും ഇതിന് പിന്നിൽ ചില ഗൂഢ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ഉണ്ടെന്നത് വ്യക്തമാണെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ ജയറാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും അയച്ച കത്തും രമേശ് പങ്കുവെച്ചു. സെൻസസിലെ ജാതി കണക്കെടുപ്പിനായി തയ്യാറാക്കിയ ചോദ്യാവലിയുടെ രീതിശാസ്ത്രം കൃത്യമായ വിവരശേഖരണത്തിന് തടസ്സമാകുമെന്ന് ഇരുവരും ചൂണ്ടിക്കാട്ടിയതായി അദ്ദേഹം പറഞ്ഞു.

ജാതിയെക്കുറിച്ചുള്ള പത്താമത്തെ ചോദ്യം മോശമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ഇത് ജാതി കണക്കെടുപ്പിനെ തന്നെ അർഥശൂന്യമാക്കുമെന്നും രാഹുൽ ഗാന്ധിയും ഖാർഗെയും ചൂണ്ടിക്കാട്ടിയതായി രമേശ് പറഞ്ഞു. ഈ വിഷയത്തിൽ ആഗസ്റ്റ് 20ന് ഇരുവരും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചോദ്യാവലിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും ബിഹാറിലും തെലങ്കാനയിലും ഉപയോഗിച്ച ചോദ്യാവലി മാതൃക പിന്തുടരണമെന്നുമുള്ള നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും അവ അവഗണിച്ചതായും അദ്ദേഹം ആരോപിച്ചു.

2027ലെ സെൻസസിന്റെ ഭാഗമായി ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2026 ഡിസംബർ ഒന്നുമുതൽ 2027 ജനുവരി നാലുവരെയാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നേരത്തേ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം 2027 ഫെബ്രുവരിയിലാണ് കണക്കെടുപ്പ് നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jairam Ramesh Questions Census Timing
Next Story