‘സ്വതന്ത്രമായ അറിവിനോടുള്ള ഭക്ത ബ്രിഗേഡുകളുടെ അലർജി’; ലണ്ടനിൽ നിന്നുള്ള ഹിന്ദി പണ്ഡിത ഫ്രാൻസിസ്ക ഒർസിനിയുടെ നാടുകടത്തലിൽ ജയറാം രമേശ്
text_fieldsന്യൂഡൽഹി: ലണ്ടൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലെ പ്രഫസർ ഫ്രാൻസിസ്ക ഒർസിനിയെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച സംഭവത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. സർക്കാറിന്റെ നീക്കത്തെ സ്വതന്ത്ര സ്കോളർഷിപ്പിനോടുള്ള വ്യക്തമായ ശത്രുതയായി അദ്ദേഹം വിശേഷിപ്പിച്ചു. ചൈനയിൽ നടന്ന അക്കാദമിക സമ്മേളനത്തിൽ പങ്കെടുത്ത് തിങ്കളാഴ്ച ഹോങ്കോങ്ങിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ അവരെ നാടുകടത്തുകയായിരുന്നു.
‘അവരെ രാജ്യത്തുനിന്ന് വിലക്കാനുള്ള തീരുമാനം കുടിയേറ്റ ഔപചാരികതയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല, മറിച്ച് സ്വതന്ത്രവും ഗൗരവമായി ചിന്തിക്കുന്നതുമായ പ്രൊഫഷനൽ സ്കോളർഷിപ്പിനോടുള്ള മോദി സർക്കാറിന്റെ ശത്രുതയുടെ ലക്ഷണമാണെ’ന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
വിസ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് 2025 മാർച്ച് മുതൽ അവർ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ഗവേഷകക്ക് അഞ്ചു വർഷത്തെ സാധുവായ വിസയുണ്ടെന്ന് രമേശ് ഊന്നിപ്പറഞ്ഞു.
ഹിന്ദി, ഉറുദു സാഹിത്യ സംസ്കാരങ്ങളെക്കുറിച്ചുള്ള അവരുടെ കൃതികൾ, ഇന്ത്യയുടെ സംയുക്ത സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള നമ്മുടെ കൂട്ടായ ധാരണയെ സമ്പന്നമാക്കിയെന്നും എന്നാൽ, അതിനോട് ‘ഭക്ത ബ്രിഗേഡിന്’ അലർജിയാണെന്നും അദ്ദേഹം പരിഹസിച്ചു. അവരുടെ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു. ഒർസിനിയുടെ ‘ക്ലാസിക് ദി ഹിന്ദി പബ്ലിക് സ്ഫിയർ 1920-1940: ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഇൻ ദി ഏജ് ഓഫ് നാഷനലിസം’ ആദ്യമായി പ്രസിദ്ധീകരിച്ചത് 2002ലാണ്. അതിന്റെ ഹിന്ദി പതിപ്പ് 2010 ൽ പുറത്തിറങ്ങിയെന്നും രമേശ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

