പാർലമെന്ററി സമിതിയെ അപമാനിച്ചു; കേന്ദ്ര മന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ജയറാം രമേശ്
text_fieldsന്യൂഡൽഹി: പാർലമെന്ററി സമിതിയേയും പാർലമെന്റ് അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് അവകാശലംഘന നോട്ടീസ് നൽകി. നീറ്റ്-യു.ജി പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മേയ് 15ന് നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി നടത്തിയ പരാമർശങ്ങൾ പാർലമെന്റിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ അധ്യക്ഷൻ സി.പി രാധാകൃഷ്ണനാണ് നോട്ടീസ് സമർപ്പിച്ചത്. രാജ്യസഭയുടെ ചട്ടക്കൂടിലെ 187ാം റൂൾ പ്രകാരമാണ് നടപടി.
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) വീഴ്ചകളെക്കുറിച്ച് പാർലമെന്ററി സമിതി നൽകിയ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ നടപ്പാക്കാത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മന്ത്രി വിവാദ മറുപടി നൽകിയിരുന്നത്. പ്രതിപക്ഷ അംഗങ്ങൾ അടങ്ങുന്നതാണ് പാർലമെന്ററി സമിതിയെന്നും അവർ ചില താൽപര്യങ്ങളോടെയാണ് കാര്യങ്ങൾ എഴുതുന്നതെന്നും അതിനാൽ സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ച് താൻ സംസാരിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. ഇതിനെതിരെയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എല്ലാ രാഷ്ട്രീയ പാർട്ടികളിൽനിന്നുമുള്ള അംഗങ്ങൾ അടങ്ങുന്ന പാർലമെന്ററി സമിതികളെ 'മിനി പാർലമെന്റ്' എന്നാണ് വിശേഷിപ്പിക്കാറുള്ളതെന്ന് ജയറാം രമേശ് നോട്ടീസിൽ ഓർമിപ്പിച്ചു. ജനാധിപത്യ സംവിധാനത്തിൽ ഭരണനിർവഹണ വിഭാഗം നിയമനിർമാണ സഭയോട് മറുപടി പറയാൻ ബാധ്യസ്ഥരാണ്. സമിതിയിലെ അംഗങ്ങൾക്ക് ദുരുദ്ദേശ്യം ആരോപിക്കുന്നതിലൂടെ മന്ത്രി പാർലമെന്ററി ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് അവഹേളിച്ചിരിക്കുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഴിമതികൾക്ക് നേതൃത്വം നൽകുന്ന പ്രധാൻ, സ്വന്തം പരാജയം മറച്ചുവെക്കാനാണ് പാർലമെന്റിനെ നിസ്സാരവത്കരിക്കുന്നതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
പാർലമെന്ററി സമിതികളെ അധിക്ഷേപിക്കുന്നത് സഭയെ ആകെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അതിനാൽ കേന്ദ്ര മന്ത്രിക്കെതിരെ അടിയന്തരമായി അവകാശലംഘന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം രാജ്യസഭ അധ്യക്ഷനോട് ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിന്റെ വിശദാംശങ്ങളും നോട്ടീസിന്റെ പകർപ്പും അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

