വിവാഹത്തിനായി കൊട്ടാരം, സ്വകാര്യ വിമാനങ്ങൾ... ഒടുവിൽ ക്രൂര കൊലപാതകം; 25കാരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നത് പ്രതിശ്രുത വധുവും കാമുകനും
text_fieldsപുണെ: മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിൽവെച്ച് 25കാരൻ കൊക്കയിൽവീണ് മരിക്കാനിടയായ സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ട്രക്കിങ്ങിനിടെ സെൽഫി എടുക്കുമ്പോൾ അബദ്ധത്തിൽ വീണതാകാമെന്ന് കരുതിയെങ്കിലും പിന്നീട് ഞെട്ടിക്കുന്ന കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
20കാരിയായ സിയക്ക് ചേതൻ ചൗധരിയുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുടുംബം കണ്ടെത്തിയ കേതനെ വിവാഹം കഴിക്കാൻ സിയക്ക് താൽപര്യമില്ലായിരുന്നു. ഇരുവരുടെയും ബന്ധത്തിന് കേതൻ തടസമാകുമെന്ന് കരുതി സിയയും ചേതനും ചേർന്ന് കേതനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സംഭവം അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ രേഖകൾ, കോൾ ഡാറ്റ, സാക്ഷിമൊഴികൾ എന്നിവ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തി.
മഹാബലേശ്വറിലെ ഒരു ആഡംബര റിസോർട്ടിൽ സിയയുടെ പിറന്നാൾ ആഘോഷം കേതൻ പ്ലാൻ ചെയ്തിരുന്നതായും അതിനായി 40 ഓളം മുറികൾ ബുക്ക് ചെയ്തിരുന്നതായും കുടുംബാംഗം പറഞ്ഞു. റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതൻ തന്റെ വിവാഹത്തിനായി രാജസ്ഥാനിലെ ഉദയ്പൂരിൽ ആഡംബര കൊട്ടാരം 17 കോടി രൂപക്ക് ബുക്ക് ചെയ്തിരുന്നു. കൂടാതെ, അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങളും ബുക്ക് ചെയ്തിരുന്നു. അതിനുമുമ്പ്, ലോഹഗഡിൽ വെച്ച് വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ട് സിയ പ്ലാൻ ചെയ്തിരുന്നു. കൂടാതെ വിവാഹത്തിന് മുമ്പ് ബാലിയിലേക്ക് ഒരു യാത്രയും ഇരുവരും പ്ലാൻ ചെയ്തിരുന്നു. എന്നാൽ, എല്ലാ യാത്രാ ക്രമീകരണങ്ങളും പൂർത്തിയായ ശേഷം സിയ കേതനോട് തന്റെ പാസ്‌പോർട്ട് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞതായും യാത്ര റദ്ദാക്കാൻ നിർബന്ധിതരായതായും കുടുംബം ആരോപിച്ചു. കേതന്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ സിയയിൽനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും കുടുംബം പറഞ്ഞു. സിയയുടെ മുഖത്ത് ഒരു സങ്കടവും ഉണ്ടായിരുന്നില്ലെന്നും അത് ഞങ്ങളെ അസ്വസ്ഥരാക്കിയെന്നും കേതന്റെ പിതാവ് പറഞ്ഞു.
ജൂൺ 18നായിരുന്നു കേതൻ അഗർവാളിന്റെ മരണം. സിയയും ചേതനും ചേർന്ന് ആസൂത്രണം ചെയ്ത രണ്ടാമത്തെ കൊലപാതക ശ്രമത്തിലാണ് 25കാരൻ കൊല്ലപ്പെട്ടതെന്നും പൊലീസ് കണ്ടെത്തി. നാലുദിവസം മുമ്പ് സമാന രീതിയിൽ ആദ്യ കൊലപാതക ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ട് സംഭവങ്ങളിലും അപകട മരണമായി ചിത്രീകരിക്കാൻ പ്രതികൾ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സിയക്കും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു കേതൻ ലോഹഗഡ് കോട്ടയിലേക്ക് ട്രക്കിങ്ങിന് പോയത്. അടുത്തമാസമായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ജൂൺ 20ന് സിയയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് ഇരുവരും സുഹൃത്തുക്കൾക്കൊപ്പം കോട്ട സന്ദർശിക്കാൻ തീരുമാനിച്ചത്. യാത്രക്കിടെ ലോഹഗഡ് കോട്ടയിലെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് കേതൻ മരിക്കുകയായിരുന്നു. ശക്തമായ കാറ്റിൽ ബാലൻസ് പോയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം.
ട്രക്കിങ്ങിനിടെ സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണായിരുന്നു കേതൻ മരിച്ചതെന്ന് പൊലീസും കുടുംബാംഗങ്ങളും ആദ്യം കരുതി. മൂന്ന് മണിക്കൂർ നീണ്ട ഓപ്പറേഷന് ശേഷമാണ് കേതന്റെ മൃതദേഹം മലയിടുക്കിൽ നിന്ന് കണ്ടെടുത്തത്. കേതന്റെ അപകടത്തിൽ കുടുംബവും സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തിയത്. കേതൻ പരിചയസമ്പന്നനായ ട്രക്കറാണെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സിയയിലേക്ക് അന്വേഷണം നീളുകയായിരുന്നു. അന്വേഷണത്തിൽ ദുരൂഹതകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. സിയയും കാമുകൻ ചേതൻ ചൗധരിയും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

