പരീക്ഷാഹാളിലേക്ക് കയറുംമുമ്പ് ഫോൺ കോൾ; പിന്നാലെ കാമ്പസ് കെട്ടിടത്തിൽ നിന്ന് ചാടി എം.ബി.എ വിദ്യാർഥിനി ജീവനൊടുക്കി
text_fieldsജയ്പൂർ: പരീക്ഷ തുടങ്ങാനിരിക്കെ സർവകലാശാല കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി എം.ബി.എ വിദ്യാർഥിനി ജീവനൊടുക്കി. ജയ്പൂരിലെ സ്വകാര്യ സർവകലാശാലയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. രണ്ടാം വർഷ എം.ബി.എ വിദ്യാർഥിനിയായ യശസ്വി റോഹിലയാണ് (23) മരിച്ചത്. ജയ്പൂരിലെ ഗുർജർ കി ഥാഡി പ്രദേശത്തെ പ്രേം നഗർ സ്വദേശിനിയാണ്.
രാവിലെ ഒൻപത് മണിക്ക് ശേഷം നടക്കേണ്ടിയിരുന്ന മിഡ് സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടുമുമ്പായിരുന്നു സംഭവം. പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർഥിനിക്ക് ഒരു ഫോൺ കോൾ വന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിന്നീട് സർവകലാശാല കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ചില വിദ്യാർഥികൾ തടയാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
ഉടൻതന്നെ സമീപമുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ശനിയാഴ്ച നടത്താനിരുന്ന പരീക്ഷ സർവകലാശാല മാറ്റിവെച്ചു.
ജീവനൊടുക്കുന്നതിന് മുമ്പായി സഹപാഠികളുമായി യശസ്വി സംസാരിച്ചിരുന്നതായി സർവകലാശാല അധികൃതരോട് വിദ്യാർഥികൾ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

