സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി മരവിപ്പിച്ച് തമിഴ്നാട് ഗവർണർ
text_fieldsചെന്നൈ: തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗവർണർ ആർ.എൻ രവി പിന്മാറിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് അസാധാരണ നീക്കത്തിലൂടെ സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിയാലോചന നടത്താതെയായിരുന്നു തീരുമാനം. മന്ത്രിയെ പുറത്താക്കാനുള്ള തീരുമാനം ഗവർണർ താൽക്കാലികമായി മരവിപ്പിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മന്ത്രിയെ പുറത്താക്കുന്നത് സംബന്ധിച്ച് ഗവർണർ അറ്റോണി ജനറലിനോട് നിയമോപദേശം തേടിയെന്നാണ് സൂചന. തീരുമാനം മരവിപ്പിച്ച വിവരം മുഖ്യമന്ത്രി എം.കെ സ്റ്റാലിനേയും ഗവർണർ അറിയിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ ഗവർണറോട് നിർദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ഡി.എം.കെയുടെ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലിരിക്കെയാണ് സെന്തിൽ ബാലാജിയെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയായിരുന്നു നടപടി. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി എടുത്തത്.
റെയ്ഡിന് പിന്നാലെ ജൂൺ14നാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിനിടെയാണ് ഗവർണർ അസാധാരണ നടപടിയെടുത്തത്. തമിഴ്നാട്ടിൽ വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നത് ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് മദ്രാസ് ഹൈകോടതി ജൂലൈ ഏഴിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിനിടെയാണ് മന്ത്രിയെ ഗവർണർ നാടകീയമായി പുറത്താക്കുകയും പിന്നീട് തീരുമാനം മരവിപ്പിക്കുകയും ചെയ്തതത്.