ആയിരം ദിവസങ്ങൾ ജയിലിൽ; മാധ്യമപ്രവർത്തകൻ രൂപേഷ് കുമാർ സിങ്ങിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് തുറന്ന കത്ത്
text_fieldsരൂപേഷ് കുമാർ സിങ്, ഭാര്യ ഇപ്ത സതാക്ഷി
ന്യൂഡൽഹി: സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ രൂപേഷ് കുമാര്‍ സിങിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ഝാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ട് 1000 ദിവസങ്ങൾ പിന്നിട്ടു. ജാമ്യം പോലും അനുവദിക്കാതെ ജയിലിലടച്ച രൂപേഷ് കുമാര്‍ സിങിനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യ ഇപ്ത സതാക്ഷിയും മനുഷ്യാവകാശ-സാംസ്കാരിക പ്രവർത്തകരും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
2022 ജൂലൈ 17ന് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ മാധ്യമപ്രവർത്തകന് മേൽ മാവോവാദി ബന്ധമാരോപിച്ച് മറ്റ് നാല് യു.എ.പി.എ കേസുകൾ കൂടി ചുമത്തിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. രൂപേഷ് കുമാർ ജയിലിൽ നിന്ന് പുറത്തിറങ്ങരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ നടപടി. നിരവധി മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും അഴിമതിയും തുറന്നുകാട്ടുന്ന സംഭവങ്ങൾ രൂപേഷ് കുമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതം തകർക്കുന്ന കോർപറേറ്റ് നടപടികളും പരിസ്ഥിതിനാശവും അഴിമതിയും പുറത്തെത്തിച്ചതാണ് രൂപേഷ് കുമാർ സിങ്ങിനെ ബി.ജെ.പി-ആർ.എസ്.എസ് സർക്കാറിന്‍റെ കണ്ണിലെ കരടാക്കിയത്. നേരത്തെ, ഹേമന്ദ് സോറന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ജെ.എം.എം സർക്കാറും രൂപേഷ് കുമാറിനെതിരെ സമാന നിലപാടാണ് സ്വീകരിച്ചത്. രാജ്യത്ത്, അഴിമതി തുറന്നുകാട്ടുകയും ഭരണകൂട അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോൾ മാധ്യമപ്രവർത്തകരെ ലക്ഷ്യം വയ്ക്കുന്നത് വളരെ സാധാരണമായിരിക്കുന്നു -കത്തിൽ ചൂണ്ടിക്കാട്ടി.
ഇത്തരം മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകളിൽ പെഗാസസ് പോലുള്ള ചാര സോഫ്റ്റ്‍വെയറുകൾ പ്രയോഗിക്കുന്നത് കത്തിൽ പറഞ്ഞു. രൂപേഷ് കുമാർ സിങ്ങിന്‍റെ ഫോണിലും പെഗാസസ് ആക്രമണം നേരിട്ടതായി കണ്ടെത്തിയിരുന്നു. പെഗാസസിനെതിരെ സുപ്രീംകോടതിയിലുള്ള കേസിലെ ഹരജിക്കാരൻ കൂടിയാണ് രൂപേഷ് കുമാർ സിങ്. ഇക്കഴിഞ്ഞ ജനുവരി 27ന് നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളുകയായിരുന്നു. ജാമ്യമാണ് നിയമമെന്നും തടങ്കൽ അനിവാര്യ സാഹചര്യത്തിൽ മാത്രമേ പാടുള്ളൂവെന്നുമാണ് പല സാഹചര്യങ്ങളിലും സുപ്രീംകോടതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയത്. എന്നാൽ, മനുഷ്യാവകാശ പ്രവർത്തകരുടെയും ജനങ്ങളോടൊപ്പം നിൽക്കുന്ന മാധ്യമപ്രവർത്തകരുടെയും കാര്യത്തിൽ ഈ അടിസ്ഥാന തത്വം കോടതികൾ മറക്കുകയാണ്. ജാമ്യം നിഷേധിച്ചുകൊണ്ടോ അല്ലെങ്കിൽ അനന്തമായി മാറ്റിവച്ചുകൊണ്ടോ, വിചാരണയില്ലാതെ, അനന്തകാലം ജയിലിൽ അടക്കുന്ന രീതിയാണ് ഇക്കാര്യത്തിൽ. നിയമവിരുദ്ധമായ തടങ്കലിൽ നിന്ന് മാധ്യമപ്രവർത്തകൻ രൂപേഷ് കുമാർ സിങ്ങിനെ ഉടനടി നിരുപാധികമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ തുറന്ന കത്തിൽ ഒപ്പിടാനും അദ്ദേഹത്തോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കാനും എല്ലാ ജനാധിപത്യ, പുരോഗമന സംഘടനകളോടും, പത്രപ്രവർത്തകരോടും, അഭിഭാഷകരോടും, സാമൂഹിക പ്രവർത്തകരോടും, മനുഷ്യാവകാശ സംരക്ഷകരോടും അഭ്യർഥിക്കുകയാണെന്നും ചീഫ് ജസ്റ്റിസിന് അയച്ച തുറന്ന കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

