മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ വീട്ടുതടങ്കലിലാണോ? പ്രതികരിച്ച് അമിത് ഷാ
text_fieldsഅമിത് ഷാ, ജഗ്ദീപ് ധൻഖർ
ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറെ കുറിച്ച് പലവിധത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കവെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ചതിനു ശേഷം ധൻഖർ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല. തുടർന്ന് ധൻഖർ വീട്ടുതടങ്കലിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളുമുണ്ടായിരുന്നു. എന്നാൽ ധൻഖർ രാജിവെച്ചത് ആരോഗ്യകാരണങ്ങളാൽ ആണെന്നും പ്രതിപക്ഷം ആരോപിക്കുന്നതുപോലെ അദ്ദേഹം വീട്ടുതടങ്കലിലല്ലെന്നുമാണ് അമിത് ഷാ പറഞ്ഞിരിക്കുന്നത്.
ചില പ്രതിപക്ഷ നേതാക്കളാണ് ധൻഖർ വീട്ടുതടങ്കലിലാണെന്ന പ്രചാരണങ്ങൾക്ക് പിന്നിലെന്നും അമിത് ഷാ വിമർശിച്ചു. അവർ സത്യം വളച്ചൊടിച്ച് കള്ളം പ്രചരിപ്പിക്കുകയാണ്. സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ മാത്രം ആശ്രയിച്ചാകരുതെന്ന് അമിത് ഷാ പറഞ്ഞു.
അദ്ദേഹത്തിന്റെ രാജിയെ കുറിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്. ധൻഖറിന്റെ രാജിക്കത്തിൽ എല്ലാം വ്യക്തമാണ്. ആരോഗ്യകാരണങ്ങളാണ് അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. തന്റെ പ്രവർത്തന കാലയളവ് മികച്ചതാക്കാൻ സഹായിച്ച പ്രധാനമന്ത്രിക്കും മറ്റു മന്ത്രിമാർക്കും അദ്ദേഹം ഹൃദയംഗമമായ ഭാഷയിൽ നന്ദി പറയുകയും ചെയ്തു.-അമിത് ഷാ ചൂണ്ടിക്കാട്ടി. ഭരണഘടനാനുസൃതമായി മികച്ച പ്രവർത്തനമാണ് ധൻഖർ കാഴ്ചവെച്ചതെന്നും അമിത് ഷാ എ.എൻ.ഐയോട് പ്രതികരിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 21നാണ് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു അപ്രതീക്ഷിത രാജി. എന്നാൽ ധൻഖറിന്റെ രാജിയിൽ പ്രതിപക്ഷം പലവിധ ആരോപണങ്ങളുമായി രംഗത്തുവന്നു.
സെപ്റ്റംബർ ഒമ്പതിനാണ് ധൻഖറിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ്. സി.പി. രാധാകൃഷ്ണനാണ് എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. റിട്ട. സുപ്രീംകോടതി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെയാണ് ഇന്ത്യാ സഖ്യം ഉപരാഷ്ട്രപതിയായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

