ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥി
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി മമത ബാനർജിയുമായി നിരന്തരം ഏറ്റുമുട്ടി വാർത്തകളിലിടം പിടിച്ച പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി പദവിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് ചേർന്ന പാർലമെന്‍ററി ബോർഡ് യോഗത്തിന് ശേഷം ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ രാജസ്ഥാനിൽനിന്നുള്ള ജാട്ട് നേതാവായ ധൻഖറിനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ധൻഖറിനെ 'കർഷക പുത്രൻ' എന്ന് വിശേഷിപ്പിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം. എല്ലാവിധത്തിലുള്ള പരിഗണനകൾക്കും കൂടിയാലോചനകൾക്കുമൊടുവിലാണ് ധൻഖറിനെ സ്ഥാനാർഥിയാക്കിയതെന്നും ജനകീയ ഗവർണറാണ് താനെന്ന് അദ്ദേഹം തെളിയിച്ചതാണെന്നും നഡ്ഡ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനയെ കുറിച്ച് മികച്ച അറിവുള്ള നിയമനിർമാണ കാര്യങ്ങളിൽ നിപുണനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ജനതാദളിലൂടെ പാർലമെന്‍ററി രാഷ്ട്രീയത്തിലെത്തി 2003ൽ ബി.ജെ.പിയിൽ ചേർന്നയാളാണ് ധൻഖർ. രാജസ്ഥാനിലെ ഝുൻഝുനുവിലെ കർഷക കുടുംബത്തിൽ ജനിച്ച് സൈനിക് സ്കൂളിൽ പഠിച്ച് ഫിസിക്സിലും നിയമത്തിലും ബിരുദം നേടി. അഭിഭാഷകനായിട്ടാണ് ധൻഖർ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. രാജസ്ഥാൻ ഹൈകോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകവൃത്തിയിലേർപ്പെട്ടു.
ഝുൻഝുൻ മണ്ഡലത്തിൽനിന്ന് ജനതാദൾ ടിക്കറ്റിൽ 1989ൽ ലോക്സഭയിലെത്തി 1990ൽ കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രിയായി. 1991വരെ രണ്ട് വർഷമാണ് എം.പിയായി ഇരുന്നത്. 1993ൽ രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ൽ പശ്ചിമ ബംഗാൾ ഗവർണറായി.
ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ വോട്ടർമാരായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 780ൽ 394 വോട്ടുള്ള ബി.ജെ.പിക്ക് അനായാസം ജയിക്കാനാകും. ആഗസ്റ്റ് ആറിന് നടക്കുന്ന വോട്ടെടുപ്പിൽ പ്രതിപക്ഷം ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

