Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആഞ്ജനേയപുരത്തെ ക്ഷേത്രം തകർത്തത് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നടപടി'; ആന്ധ്ര സർക്കാരിനെതിരെ ജഗൻ മോഹൻ റെഡ്ഡി

text_fields
bookmark_border
Y. S. Jagan Mohan Reddy
cancel
camera_alt

വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി

തിരുപ്പതി: ദേശീയപാത വികസനത്തിനായി നൂറ്റാണ്ടുകൾ പഴക്കമുള്ള അഭയ ആഞ്ജനേയ സ്വാമി ക്ഷേത്രം പൊളിച്ചുനീക്കിയ സംഭവത്തിൽ ആന്ധ്രാപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. തിരുപ്പതി ജില്ലയിലെ രേണിഗുണ്ട മണ്ഡലം ആഞ്ജനേയപുരത്തെ ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർത്തത് കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

ദേശീയപാത 716-ന്റെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ഷേത്രം പൊളിച്ചുമാറ്റിയത്. ക്ഷേത്രം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ എക്സിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു ജഗന്റെ പ്രതികരണം. ചരിത്രപ്രധാനമായ ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിൽ നിലവിലെ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷേത്രം പൊളിച്ചുമാറ്റുന്നതിന് പകരം റോഡിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തി മറ്റൊരു വഴി കണ്ടെത്താമായിരുന്നുവെന്ന് മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ ഭുമന കരുണാകർ റെഡ്ഡിയും പ്രതികരിച്ചു.

ആരോപണങ്ങൾ തള്ളിയ സർക്കാർ വൃത്തങ്ങൾ, ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളോളം ചർച്ചകൾ നടന്നിരുന്നതായി വ്യക്തമാക്കി. നാട്ടുകാർ, ഭക്തർ, പുരോഹിതർ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ പൂർണ്ണ സമ്മതത്തോടെയാണ് പുതിയ സ്ഥലത്ത് ക്ഷേത്രം പണിയാൻ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ദേശീയപാത വികസനത്തിനായി ക്ഷേത്രത്തിന്റെ പത്ത് സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. ഇതിന് പകരമായി ക്ഷേത്രം പുനർനിർമ്മിക്കാൻ 59.3 ലക്ഷം രൂപ അനുവദിച്ചതായും സമീപത്ത് തന്നെ 50 സെന്റ് ഭൂമി നൽകിയതായും അധികൃതർ അറിയിച്ചു. എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി പ്രധാന വിഗ്രഹം സമീപത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചതെന്നും സർക്കാർ വ്യക്തമാക്കി. സംഭവത്തെച്ചൊല്ലി ആന്ധ്രാപ്രദേശിൽ രാഷ്ട്രീയ വിവാദം ശക്തമായിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jagan Slams Temple Demolition
Next Story