വൈ.എസ്.ആർ എം.എൽ.എ വോട്ടിങ് യന്ത്രം തകർത്തു; ഗൗരവമായി കാണുന്നുവെന്ന് കമീഷൻ
text_fieldsന്യൂഡൽഹി: വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എ വോട്ടിങ് യന്ത്രം തകർത്തുവെന്ന ആരോപണം ഗൗരവമായി കാണുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ആന്ധ്രപ്രദേശ് എം.എൽ.എ രാമകൃഷ്ണ റെഡ്ഡിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. എം.എൽ.എ വോട്ടിങ് യന്ത്രം തകർക്കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിൽ സഹകരിക്കാൻ അവർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
മാച്ചർല നിയമസഭ മണ്ഡലത്തിലെ എം.എൽ.എ പി.രാമകൃഷ്ണ റെഡ്ഡി വോട്ടിങ് യന്ത്രം തകർക്കുന്ന വിഡിയോ ലഭിച്ചിട്ടുണ്ട്. ഇത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് കൂടി സഹകരിച്ച് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഗൗരവകരമായാണ് വിഷയത്തെ കാണുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുകേഷ് കുമാർ മീണ പറഞ്ഞു. ഡി.ജി.പിയോട് ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ പരാജയം ഭയന്നാണ് മുഖ്യമന്ത്രിയുടെ പാർട്ടിയിൽ നിന്നുള്ള എം.എൽ.എ വോട്ടിങ് യന്ത്രം തകർത്തതെന്ന് പ്രതിപക്ഷ നേതാവും തെലുങ്ക് ദേശം പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ നാര ലോകേഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

