Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരിയുമായി പോര് തുടരുന്നു; അനന്തരവളുടെ വിവാഹത്തിന് വീട് വിട്ടുനൽകാതെ ജഗൻ റെഡ്ഡി

text_fields
bookmark_border
സഹോദരിയുമായി പോര് തുടരുന്നു; അനന്തരവളുടെ വിവാഹത്തിന് വീട് വിട്ടുനൽകാതെ ജഗൻ റെഡ്ഡി
cancel

ബംഗളൂരു: സഹോദരി വൈ.എസ് ശർമിളയുമായുള്ള സ്വത്ത് തർക്കം തുടരുന്നതിനിടെ, ശർമിളയുടെ മകളുടെ വിവാഹം ബംഗളൂരുവിലെ കുടുംബവസതിയായ യെലഹങ്ക പാലസിൽ നടത്താൻ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. നവംബർ 25നാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.

ശർമിളയുടെ മകൾ വൈ.എസ് അഞ്ജലി റെഡ്ഡിയുടെ വിവാഹനിശ്ചയം സെപ്റ്റംബർ 24നായിരുന്നു. അമേരിക്കയിൽ താമസിക്കുന്ന സോമല രഘുറാമി റെഡ്ഡിയാണ് വരൻ. യെലഹങ്ക പാലസിൽ വിവാഹം നടത്താനായിരുന്നു ശർമിളയുടെ തീരുമാനം.

ജഗൻ മോഹൻ റെഡ്ഡി, അമ്മ വൈ.എസ് വിജയമ്മ മുഖേനയാണ് വിവാഹത്തിന് യെലഹങ്ക പാലസ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ശർമിളയെ അറിയിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. വിവാഹ ക്ഷണക്കത്തുകൾ ബന്ധുക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും പ്രമുഖർക്കും ഇതിനകം നൽകിയിരുന്നതിനാൽ തീരുമാനം ശർമിളക്ക് വലിയ തിരിച്ചടിയായെന്നും വൃത്തങ്ങൾ പറയുന്നു.

യെലഹങ്കയിലെ സ്വത്ത് തന്റെ ഭാര്യാമാതാവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ജഗൻ വിജയമ്മയോട് പറഞ്ഞതെന്നാണ് വിവരം. തീരുമാനം പുനഃപരിശോധിക്കണമെന്ന് വിജയമ്മ ആവശ്യപ്പെട്ടെങ്കിലും ജഗൻ നിലപാടിൽ ഉറച്ചുനിന്നതായും റിപ്പോർട്ടുണ്ട്.

കോൺഗ്രസ് ഹൈക്കമാൻഡിലെ പ്രമുഖ നേതാക്കൾക്ക് പുറമെ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവർക്കും ശർമിള വിവാഹ ക്ഷണം നൽകിയിട്ടുണ്ട്. ഇവരുടെ സാന്നിധ്യം കണക്കിലെടുത്ത് സുരക്ഷയും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കാൻ മറ്റൊരു വേദി കണ്ടെത്തേണ്ടിവരുമെന്നും ശർമിളയുടെ സഹായി പറഞ്ഞു.

ജഗൻ മോഹൻ റെഡ്ഡിയും ശർമിളയും കഴിഞ്ഞ അഞ്ച് വർഷമായി കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിലാണ്. സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ഓഹരികൾ ഉൾപ്പെടെയുള്ള സ്വത്തുക്കളെച്ചൊല്ലിയുള്ള തർക്കം നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.

അന്തരിച്ച മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡി മകനും മകൾക്കും കുടുംബസ്വത്തിൽ തുല്യവിഹിതം ലഭിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്ന് ശർമിളയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഹൈദരാബാദ്, ബംഗളൂരു, ഇടുപുലപായ എന്നിവിടങ്ങളിൽ ഇരുവർക്കുമായി പ്രത്യേകം വീടുകളും ഒരുക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്.

2009ൽ ഹെലികോപ്റ്റർ അപകടത്തിൽ രാജശേഖര റെഡ്ഡി മരിച്ചതിന് പിന്നാലെ കുടുംബസ്വത്തിന്റെ വിഭജനം പൂർത്തിയാകാതെ പോയതാണ് സഹോദരങ്ങൾക്കിടയിലെ തർക്കത്തിന് കാരണമായതെന്നാണ് വിവരം. ബംഗളൂരുവിലെ യെലഹങ്കയിൽ ഏകദേശം 20 ഏക്കർ സ്ഥലത്ത് ഇരുവർക്കുമായി അടുത്തടുത്തായി രണ്ട് വീടുകളുണ്ടെന്നും റിപ്പോർട്ടുണ്ട്.

2012-13 കാലയളവിൽ ജഗൻ ജയിലിലായിരുന്നപ്പോൾ ശർമിള പാർട്ടിക്കായി നിർണായകമായി പ്രവർത്തിച്ചിരുന്നു. എന്നാൽ 2019ൽ ജഗൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്നാണ് റിപ്പോർട്ട്.

പിന്നീട് ശർമിള തെലങ്കാനയിൽ സ്വന്തം പാർട്ടി രൂപീകരിക്കുകയും 2024ൽ കോൺഗ്രസിൽ ചേരുകയും ചെയ്തു. നിലവിൽ ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായ ശർമിള, രാഷ്ട്രീയമായി സഹോദരൻ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ നിരന്തരം രംഗത്തെത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jagan Reddy denies house for niece's wedding amid sister feud
Next Story