സിന്ധുനദീജല കരാർ റദ്ദാക്കൽ: അധികജലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെത്തിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: സിന്ധുനദീജല കരാർ റദ്ദാക്കിയത് വഴി ലഭിക്കുന്ന അധികജലം ജമ്മുകശ്മീരിൽ നിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ പദ്ധതി തയാറാക്കുന്നു. 113 കിലോ മീറ്റർ നീളത്തിൽ കനാൽ നിർമിച്ച് ജലം പഞ്ചാബിലും ഹരിയാനയിലും എത്തിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. രാജസ്ഥാനിലും ജലം എത്തിക്കുന്നത് പരിഗണിക്കുന്നുണ്ട്.
ഇതിനുള്ള നടപടികൾ ജൽ ശക്തി വകുപ്പ് ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനുള്ള പഠനങ്ങൾ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. കനാൽ നിർമിക്കുമ്പോഴുണ്ടാവുന്ന പാരിസ്ഥിതിക, നിയമപ്രശ്നങ്ങളാവും പഠിക്കുക. കനാൽ നിർമാണത്തിന് സ്വീകരിക്കേണ്ട സാങ്കേതികവിദ്യ സംബന്ധിച്ചും പഠനമുണ്ടാവും.
ചെനാബ് നദിയിൽ നിന്നും ജലം രവി-ബിയാസ്-സത്‍ലജ് നദികളിലേക്ക് മാറ്റുന്ന സംവിധാനത്തിന്റെ നിർമാണം മൂന്ന് വർഷത്തിനുള്ള പൂർത്തിയാകും. ഈ നദീസംവിധാനത്തിൽ നിന്ന് യമുനയിലേക്ക് ജലമെത്തിക്കുന്നതിന് വേണ്ടിയാവും കനാൽ നിർമിക്കുക. ജലമെത്തിക്കുന്നതിനുള്ള ഒരു കനാൽ എന്നതിനപ്പുറം അഭിമാനകരമായ രാഷ്ട്രീയപ്രൊജക്ടായാണ് കേന്ദ്രസർക്കാർ പുതിയ പദ്ധതിയെ കാണുന്നത്.
നേരത്തെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ജലമന്ത്രാലയം കേന്ദ്രത്തിന് കത്തയച്ചിരുന്നു.
നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 1960ൽ ലോകബാങ്കിന്‍റെ മധ്യസ്ഥതയിൽ രൂപവത്കരിച്ച കരാറിൽനിന്ന് ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പിന്മാറിയത്. ഭീകരതക്കെതിരെ പാകിസ്താൻ ശക്തമായ നിലപാട് സ്വീകരിക്കുന്നതുവരെ കരാർ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

