പനാജി: പെൺകുട്ടികളും മദ്യപാനം തുടങ്ങിയത് തന്നെ ഭയപ്പെടുത്തുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ. ഗോവയിൽ പൊതുസ്ഥലങ്ങളിലെ മദ്യപാനത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പ്രസ്താവനയുമായി പരീക്കർ രംഗത്തെത്തിയിരിക്കുന്നത്.
താൻ മുഴുവൻ പെൺകുട്ടികളെയും ഉദ്ദേശിച്ചല്ല പറയുന്നത്. ഇവിടെ എത്തിയവർ മദ്യപിക്കുന്നവരാണെന്നും താൻ അഭിപ്രായപ്പെടുന്നില്ലെന്ന് സംസ്ഥാന യൂത്ത് പാർലമെൻറിനെ അഭിസംബോധന ചെയ്ത് പരീകർ പറഞ്ഞു. നേരത്തെ ഗോവയിൽ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് പരീകർ അഭിപ്രായപ്പെട്ടിരുന്നു.
മയക്കുമരുന്ന് കച്ചവടം പൂർണ്ണമായും ഇല്ലാതാക്കിയെന്ന് താൻ അവകാശപ്പെടുന്നില്ല. പക്ഷേ അത് കുറച്ച് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. കോളജുകളിൽ മയക്കുമരുന്ന് ഉപയോഗം വൻതോതിൽ വ്യാപിച്ചിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പരീക്കർ പറഞ്ഞു.
മയക്കുമരുന്ന് കണ്ടെത്താൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി 170 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.