ഇത് പബ്ലിസിറ്റിക്കുള്ള ശ്രമം, പൊതുതാൽപര്യമല്ല; താജ്മഹൽ കേസിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: താജ്മഹലിന്റെ ചരിത്രം കണ്ടെത്താനും 22 മുറികൾ തുറക്കാനുമാവശ്യപ്പെട്ടുള്ള ഹരജിയിൽ പ്രതികരണവുമായി സുപ്രീംകോടതി. പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ പ്രതികരണം. എം.ആർ.ഷാ, എം.എം സുന്ദരേഷ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈകോടതി വിധി ശരിവെച്ച കോടതി ഹരജി തള്ളി.
ഹരജി തള്ളിയതിൽ ഹൈകോടതിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല. പൊതുജനതാൽപര്യത്തേക്കാൾ പ്രശസ്തരാകുന്നതിനായാണ് ഹരജി നൽകിയതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ബി.ജെ.പിയുടെ അയോധ്യ യൂണിറ്റിന്റെ മാധ്യമവിഭാഗം തലവൻ രാജനീഷ് സിങാണ് ഹരജി നൽകിയത്. നിയമപരമായ വാദങ്ങൾ ഉയർത്തികൊണ്ടുവരുന്നതിൽ ഇയാൾ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന വാദവുമായി ചില ഹിന്ദുസംഘടനകൾ രംഗത്തെത്തിയിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് മുകൾ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട താജ്മഹൽ ഇപ്പോൾ പരിപാലിക്കുന്നത്.