ഐ.ടി തലസ്ഥാനമല്ല, ഇത് കുഴികളുടെ നഗരം; ബംഗളൂരുവിൽ സ്കൂൾ ബസിന്റെ ചക്രങ്ങൾ ഗട്ടറിൽ കുടുങ്ങി; എമർജൻസി എക്സിറ്റ് വഴി കുട്ടികളെ പുറത്തെടുത്തു
text_fieldsബംഗളൂരു: ബെംഗളൂരുവിലെ ബാലഗെരെ-പനത്തൂർ റോഡിൽ 20 ഓളം കുട്ടികളുമായി പോയ സ്കൂൾ ബസ് വലിയ കുഴിയിൽ വീണു. എമർജൻസി എക്സിറ്റ് വഴി ബസിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. ബസ് വേഗത്തിലല്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.
മഴവെള്ളം നിറഞ്ഞ ആഴത്തിലുള്ള കുഴിയിലേക്ക് ഒരു ചക്രം പൂർണമായി മുങ്ങിയതിനെത്തുടർന്ന് ബസ് അപകടകരമായി ചരിഞ്ഞത് കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ നടന്ന സംഭവത്തിനുശേഷം കുട്ടികളെ മറ്റൊരു ബസിൽ സ്കൂളിലെത്തിച്ചു.
കുഴികളും പൊട്ടിപ്പൊളിഞ്ഞ അഴുക്കുചാലുകളും സംബന്ധിച്ച് ആവർത്തിച്ച് പരാതികൾ നൽകിയിട്ടും റോഡിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ അധികൃതരെ കുറ്റപ്പെടുത്തി. ഈ വർഷം ആദ്യം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ റോഡ് പരിശോധിച്ചിരുന്നുവെന്നും എന്നാൽ ഒരു മാറ്റവും ഉണ്ടായില്ലെന്നും അവർ പരാതിപ്പെട്ടു.
റോഡരികിൽ കുഴിച്ച ഓവുചാലുകൾ കുറച്ചുകാലമായി പൂർത്തിയാകാതെ കിടക്കുകയാണെന്നും ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മഴക്കാലത്ത് റോഡുകൾ കുഴികൾ കൊണ്ട് നിറയുകയും മഴവെള്ളം ഈ കുഴികളിൽ നിറയുകയും ചെയ്യുന്നത് പതിവു കഥയായി മാറിയിരിക്കുന്നു. വാഹനമോടിക്കുന്നവർക്ക് ഇത് ഒരു കുളമാണോ അതോ ആഴമുള്ള കുഴിയാണോ എന്ന് തിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടാകുന്നു.
ദിവസങ്ങൾക്കു മുമ്പ് നഗരത്തിൽ ഏകദേശം 10,000 കുഴികളുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തന്നെ സമ്മതിച്ചിരുന്നു. അധികാരികൾ അവഗണിക്കുന്ന ഈ കുഴികൾ നഗരത്തിൽ അപകടങ്ങൾക്ക് കാരണമാകുന്നു. ചിലപ്പോൾ യാത്രക്കാരുടെ ജീവൻ പോലും അപഹരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

