സമയം വൈകി; പത്രിക സമർപ്പണം ഇന്നത്തേക്ക് മാറ്റി അതിഷി
text_fieldsഅതിഷി
ന്യൂഡൽഹി: സമയം വൈകിയതിനാൽ, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അതിഷിയുടെ പത്രിക സമർപ്പണം ചൊവ്വാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചിരുന്ന അതിഷി, രാവിലെ കൽക്കാജി ക്ഷേത്രവും ഗുരുദ്വാരയും സന്ദർശിച്ചിരുന്നു. തുടർന്ന് എ.എ.പി നേതാവ് മനീഷ് സിസോദിയക്കൊപ്പം റോഡ് ഷോ നടത്തി ജില്ല മജിസ്ട്രേറ്റിന്റെ ഓഫിസിൽ പത്രിക സമർപ്പിക്കാനായിരുന്നു തീരുമാനം. ഇതിനിടെ, വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയതുൾപ്പെടെ വിഷയങ്ങൾ ഉന്നയിച്ച് എ.എ.പി ഉന്നത നേതാക്കൾക്കൊപ്പം തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് പോകേണ്ടിവന്നു. തിരിച്ചെത്തിയപ്പോൾ മൂന്നുമണി കഴിഞ്ഞതോടെ പത്രികാസമർപ്പണം ചൊവ്വാഴ്ചത്തേക്ക് മാറ്റി.
കഴിഞ്ഞ തവണ 11,000 വോട്ടിന് വിജയിച്ച ദക്ഷിണ ഡൽഹിയിലെ കൽക്കാജി മണ്ഡലത്തിലാണ് വീണ്ടും അതിഷി മത്സരത്തിനിറങ്ങുന്നത്. 2014 മുതൽ 2024 വരെ സൗത്ത് ഡൽഹി മണ്ഡലത്തെ പ്രതിനിധാനംചെയ്ത ബി.ജെ.പി എം.പി രമേഷ് ബിധുരിയാണ് എതിർസ്ഥാനാർഥി. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങളടുക്കെ ഡൽഹിയിൽ പാർട്ടികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചെലവിനായി ആം ആദ്മി സംഘടിപ്പിക്കുന്ന ക്രൗഡ് ഫണ്ടിങ് കാമ്പയിന് ജനങ്ങൾ പൂർണ പിന്തുണയാണ് നൽകുന്നതെന്ന് അതിഷി പ്രതികരിച്ചു. പ്രഖ്യാപിച്ച് ആദ്യ ദിവസം പിന്നിടുമ്പോൾ 335ലധികം പേർ 17 ലക്ഷത്തിലധികം രൂപയാണ് സംഭാവന നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

