Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയുടെ മുറിച്ചുമാറ്റിയ കൈ പെട്ടിയിലാക്കി ഐ.ടി.ബി.പി ജവാൻ പൊലീസ് കമീഷണറുടെ ഓഫിസിൽ, നീതി തേടി ജവാന്മാരുടെ പ്രതിഷേധം

text_fields
bookmark_border
അമ്മയുടെ മുറിച്ചുമാറ്റിയ കൈ പെട്ടിയിലാക്കി ഐ.ടി.ബി.പി ജവാൻ പൊലീസ് കമീഷണറുടെ ഓഫിസിൽ, നീതി തേടി ജവാന്മാരുടെ പ്രതിഷേധം
cancel

കാൺപൂർ: സ്വകാര്യ ആശുപത്രിയുടെ ഗുരുതരമായ ചികിൽസാ പിഴവ് മൂലം അമ്മയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നതിൽ നീതി തേടി മുറിച്ചെടുത്ത കൈയുമായി പൊലീസ് കമീഷണറുടെ ഓഫിസിലെത്തി ഐ.ടി.ബി.പി ജവാന്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിലെ 32-ാം ബറ്റാലിയൻ ജവാനായ വികാസ് സിങ്ങാണ് അമ്മ നിർമ്മലാ ദേവിയുടെ (56) മുറിച്ചുമാറ്റിയ കൈ തെർമോകോൾ പെട്ടിയിലാക്കി കമീഷണർ ഓഫിസിലെത്തിയത്. സംഭവം വിവാദമായതോടെ ജവാന് പിന്തുണയുമായി മുതിർന്ന ഉദ്യോഗസ്ഥരും സഹപ്രവർത്തകരുമടങ്ങുന്ന സൈനിക സംഘം പൊലീസ് ആസ്ഥാനത്തെത്തിയതോടെ കാൺപൂർ കമീഷണറേറ്റ് മണിക്കൂറുകളോളം സംഘർഷഭരിതമായി.

ശ്വാസതടസ്സത്തെ തുടർന്ന് മേയ് 10നാണ് വികാസ് സിങ് തന്റെ അമ്മയെ കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം അമ്മയുടെ വലതുകൈ നീരുവെച്ച് കറുത്ത നിറമായി മാറി. ഗ്ലൂക്കോസും ഇഞ്ചക്ഷനും നൽകാൻ കൈയിലെ ഞരമ്പിൽ കുത്തിയ സൂചി മാറിയതാണ് കാരണമെന്ന് പിന്നീട് വ്യക്തമായി. കടുത്ത വേദനയുണ്ടായതിനെ തുടർന്ന് ജീവനക്കാർ ഇത് ഇടതുകൈയിലേക്ക് മാറ്റിയെങ്കിലും വലതുകൈയുടെ അവസ്ഥ വഷളാവുകയായിരുന്നു. താൽക്കാലിക പ്രശ്നം മാത്രമാണെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം. എന്നാൽ, വേദന അസഹനീയമായതോടെ അമ്മയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ചികിൽസാ പിഴവാണെന്ന് സ്ഥിരീകരിച്ചത്. അണുബാധ ശരീരത്തിലാകെ പടരാതിരിക്കാൻ മേയ് 17ന് അമ്മയുടെ വലതുകൈ മുട്ടിന് മുകളിലുവെച്ച് മുറിച്ചുമാറ്റുകയായിരുന്നു.

ഗുരുതരമായ ഈ ചികിൽസാ പിഴവിനെതിരെ വികാസ് സിങ് പ്രാദേശിക പൊലീസ് സ്റ്റേഷനിലും മുതിർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് നീതി ലഭിക്കാനായി അമ്മയുടെ മുറിച്ചുമാറ്റിയ കൈയുമായി കമീഷണറുടെ മുന്നിലേക്ക് വികാസ് എത്തിയത്. വാർത്ത സോഷ്യൽ മീഡിയയിലടക്കം വലിയ ജനരോഷത്തിന് കാരണമായതോടെ ഐ.ടി.ബി.പി കമാൻഡന്റ് ഗൗരവ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘം ശനിയാഴ്ച കമീഷണറെ നേരിട്ടുകണ്ട് പ്രതിഷേധം അറിയിച്ചു. സൈന്യം കമീഷണറേറ്റ് വളഞ്ഞെന്ന വാർത്തകൾ പരന്നെങ്കിലും, തങ്ങൾ ഔദ്യോഗികമായി അനുമതി വാങ്ങിയാണ് എത്തിയതെന്നും സഹപ്രവർത്തകന് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഐ.ടി.ബി.പി ജവാന്മാർ വ്യക്തമാക്കി.

ആരോഗ്യവകുപ്പ് സമർപ്പിച്ച ആദ്യ അന്വേഷണ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളിൽ ജവാൻ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്ന് കേസ് പുനരന്വേഷിക്കാൻ കമീഷണർ ഉത്തരവിട്ടിട്ടുണ്ട്. പൊലീസും ഐ.ടി.ബി.പി മെഡിക്കൽ ഓഫിസർമാരും ചീഫ് മെഡിക്കൽ ഓഫിസർ നിർദേശിക്കുന്ന ഡോക്ടർമാരും അടങ്ങുന്ന പ്രത്യേക സംയുക്ത അന്വേഷണ സമിതി രൂപവത്കരിച്ചു. വികാസ് സിങ് കമീഷണറേറ്റിൽ എത്തിച്ച അമ്മയുടെ മുറിച്ചുമാറ്റിയ കൈ നിലവിൽ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് വികാസ് സിങ്ങിന്റെ കുടുംബം വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ITBP jawan brings mother's severed hand in a box to Police Commissioner's office, jawans protest seeking justice
Next Story