ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റലാൻഡ് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവർത്തിച്ച കാർലോ ജെറോസോയെ വിട്ടുനൽകാനാവില്ലെന്ന് ഇറ്റലി. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറുകളൊന്നും നിലവിലില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ നടപടി. കേസ് അന്വേഷിക്കുന്ന എജൻസികൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് തീരുമാനം.
കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിെൻറ അഭാവത്തിൽ ജെറോസയെ ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തെ സി.ബി.െഎ സമീപിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിെൻറ സഹായത്തോടെ ജെറോസയെ നാട്ടിലെത്തിക്കാനായിരുന്നു സി.ബി.െഎയുടെ പദ്ധതി. ഇൗ നീക്കത്തിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.
വി.വി.െഎ.പികൾക്കായി ആംഗ്ലോ-ഇറ്റാലിയൻ കമ്പനിയായ അഗ്സ്റ്റ വെസ്റ്റലാൻഡിൽ നിന്ന് അത്യാധുനിക ഹെലികോപ്റ്ററുകൾ 3,727 കോടി രൂപക്ക് വാങ്ങാനുള്ള ഇടപാടിലുടെ സർക്കാറിനു 2,666 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇൗ ഇടപാടിൽ മുഖ്യ ഇടനിലക്കാരനാണ് ജെറോസയെന്നാണ് ആരോപണം.