അമരാവതി: ആന്ധ്രപ്രദേശിന് നീതി നൽകാൻ കേന്ദ്രസർക്കാർ തയാറാവുന്നില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇത് വേദനാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എൻ.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് വീണ്ടും ബി.ജെ.പിക്കെതിരെ മുന്നറിയിപ്പുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്താൻ 29 തവണ താൻ ഡൽഹിയിലെത്തി. അപ്പോഴെല്ലാം ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായം നൽകുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെയായിട്ടും ഒരു സഹായവും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ കേന്ദ്രസർക്കാർ ആന്ധ്രക്ക് ആവശ്യമായ സഹായങ്ങൾ നൽകിയില്ലെങ്കിൽ എൻ.ഡി.എ മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും അദ്ദേഹം നൽകി. നേരത്തെ എൻ.ഡി.എ മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. പിന്നീട് അമിത് ഷാ നടത്തിയ ചർച്ചകൾക്കൊടുവിലാണ് അദ്ദേഹം നിലപാട് മയപ്പെടുത്തിയത്.