ചൂട് കുറയാൻ കാത്തിരിക്കണം
text_fieldsതിരുവനന്തപുരം: കൊടുംചൂടിൽ വെന്തുരുകുന്ന അവസ്ഥക്ക് മാറ്റംവരാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. വരുന്ന രണ്ടു ദിവസങ്ങളിൽ ഉഷ്ണതരംഗ സാധ്യതയില്ലെങ്കിലും പൊള്ളുന്ന വെയിലും തീവ്രമായ അൾട്രാവയലറ്റ് രശ്മികളുടെ പ്രഭാവവും തുടരും. തിങ്കളാഴ്ച മുതൽ വേനൽമഴ പലയിടങ്ങളിലും ലഭിച്ചേക്കും. അതോടെ ചൂടിൽ നേരിയ ശമനമുണ്ടായേക്കാമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനങ്ങളിൽ സൂചിപ്പിക്കുന്നു.
ചൂട് കൂടിയതോടെ സംസ്ഥാനത്താകെ ജീവിതം ദുസ്സഹമാണ്. പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, വീട്ടിനകത്തിരുന്നാലും ഉരുകുകയാണ്. അന്തരീക്ഷത്തിലെ കൂടിയ അളവിലുള്ള ആർദ്രതയാണ് ഇതിന് കാരണം. ഇതിന് അയവ് വരാൻ ചൊവ്വാഴ്ച വരെയെങ്കിലും കാത്തിരിക്കണമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.
സംസ്ഥാനത്തുടനീളം അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് വൻതോതിൽ വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പുണ്ട്. പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ യു.വി ഇൻഡക്സ് എട്ടിന് മുകളിലാണ് രേഖപ്പെടുത്തുന്നത്. ഇത് അതീവ ജാഗ്രത സൂചിപ്പിക്കുന്ന ഓറഞ്ച് അലർട്ട് പരിധിയിലാണ്. കൂടാതെ, സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ യു.വി ഇൻഡക്സ് ആറിനും ഏഴിനും ഇടയിൽ (യെല്ലോ അലർട്ട്) രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പരമാവധി താപനിലയിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല. കോഴിക്കോട്, പാലക്കാട്, കൊല്ലം, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ സാധാരണയിലും ഉയർന്ന ചൂട് തുടരുകയാണ്.
മറ്റിടങ്ങളിൽ സാധാരണ താപനില നിലയിലായിരുന്നു. ഞായറാഴ്ചയും ഇതേ നില തുടരും. സംസ്ഥാനത്ത് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെട്ട പാലക്കാട്ട് താപനില 41.02ൽനിന്ന് ശനിയാഴ്ച 39.7 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

