ആദായനികുതി റെയ്ഡിൽ മുൻ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ കണ്ടത് മുതലകളെ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ മുൻ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആദായനികുതി ഉദ്യോഗസ്ഥർ പതിവില്ലാത്ത കാഴ്ച കണ്ട് ഒന്നമ്പരന്നു. സ്വർണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകൾ എന്നിവ കൂടാതെ ഹർവൻഷ് സിങ് റാത്തോഡിന്റെ വീട്ടിലെ കുളത്തിൽനിന്ന് മൂന്ന് മുതലകളെയും ഉരഗ വർഗത്തിൽപ്പെട്ട മറ്റു ജീവികളെയും അവർ കണ്ടെത്തി.
തുടർന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി ജീവികളെ രക്ഷപ്പെടുത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായി മധ്യപ്രദേശ് ഫോറസ്റ്റ് ഫോഴ്സ് മേധാവി അസീം ശ്രീവാസ്തവ അറിയിച്ചു. മുതലകളുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്. ഇവയെക്കുറിച്ച് കോടതിയെ അറിയിച്ചതായും നടപടികളുമായി മുന്നോട്ടുപോകുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് റാത്തോഡിന്റെയും മുൻ കൗൺസിലർ രാജേഷ് കേശർവാണിയുടെയും സാഗറിലെ വീടുകളിൽ ആദായനികുതി വകുപ്പ് ഞായറാഴ്ച മുതൽ റെയ്ഡ് നടത്തിവരികയാണ്. റെയ്ഡിൽ 155 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
റാത്തോഡിനൊപ്പം ബീഡിക്കച്ചവടം നടത്തിയിരുന്ന കേശർവാണി മാത്രം 140 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. കോടിക്കണക്കിന് മൂല്യം വരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവക്കു പുറമെ മൂന്നു കോടി രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കേശർവാണിയുടെ വീട്ടിൽനിന്ന് കുടുംബത്തിലെ ഒരു അംഗത്തിനും കീഴിൽ രജിസ്റ്റർ ചെയ്യാത്ത ബിനാമി ഇറക്കുമതി നടത്തിയ നിരവധി കാറുകളും ഉദ്യോഗസ്ഥർ കണ്ടെത്തി. ആദായനികുതി വകുപ്പ് ഗതാഗത വകുപ്പിൽനിന്ന് കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ഈ കാറുകൾ എങ്ങനെ സ്വന്തമാക്കിയെന്ന അന്വേഷണവും നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

