കർണാടകയിൽ സഖ്യസർക്കാറിനെ വീഴ്ത്താനും ഫോൺ ചോർത്തിയതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ജനതാ ദൾ സെക്കുലർ-കോൺഗ്രസ് സഖ്യ സർക്കാറുമായി ബന്ധപ്പെട്ടവരുടെ ഫോണുകളും പെഗാസസ് ചോർത്തിയെന്ന് റിപ്പോർട്ട്. സർക്കാറിനെ വീഴ്ത്തുന്നതിനാണ് ഫോൺ ചോർത്തിയതെന്നാണ് വിവരം. 2019ൽ സഖ്യ സർക്കാറിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരത്തിലെത്തുന്ന സമയത്താണ് ഫോൺ ചോർത്തൽ നടന്നിരിക്കുന്നത്. ദ വയറാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്.
കർണാടക മുൻ ഉപ മുഖ്യമന്ത്രി ജി.പരമേശ്വര, മുൻ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ സെക്രട്ടറിമാരുടെ ഫോണും ചോർത്തിയിട്ടുണ്ട്. ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയുടെ സെക്രട്ടറിയുടെ ഫോണും ചോർത്തിയെന്നാണ് റിപ്പോർട്ടുകൾ.
17 എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്നാണ് കർണാടകയിൽ അധികാരത്തിലുണ്ടായിരുന്ന ജെ.ഡി.എസ്-കോൺഗ്രസ് സഖ്യസർക്കാർ വീണത്. കൂറുമാറിയ എം.എൽ.എമാരെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. എം.എൽ.എമാരുടെ കൂറുമാറ്റം നടക്കുന്ന സമയത്താണ് ഫോൺ ചോർത്തൽ നടന്നിരിക്കുന്നത്.

