'ഇത് വെറുമൊരു തെരഞ്ഞെടുപ്പല്ല, ജനാധിപത്യ യുദ്ധം, നിങ്ങളെന്‍റെ സൈനികരും'- വിജയ്
text_fieldsചെന്നൈ: താൻ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും മുട്ടുമടക്കില്ലെന്നും പ്രഖ്യാപിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ചോദ്യം ചെയ്യലും പുതിയ സിനിമയായ ജനനായകന്‍റെ റിലീസ് തടസപ്പെട്ടതുമായ സംഭവങ്ങൾക്ക് പിന്നാലെയാണ് നടന്‍റെ പ്രസ്താവന.
മഹാബലിപുരത്ത് പാർട്ടിയുടെ 3000ത്തോളം സംസ്ഥാന-ജില്ലാ ഭാരവാഹികൾ പങ്കെടുത്ത വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയുടെ പാർട്ടിയായ ടി.വി.കെ വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി അങ്കം കുറിക്കാനൊരുങ്ങുകയാണ്. ഇത് വെറുമൊരു തെരഞ്ഞെടുപ്പല്ല, ജനാധിപത്യ യുദ്ധമാണെന്നും നിങ്ങളെന്‍റെ സൈനികരാണെന്നും വിജയ് പറഞ്ഞു.
പാർട്ടിയുടെ പേരിൽ പോലും അണ്ണ എന്നുള്ളവർ ഉൾപ്പെടെ ഇന്ന് രാഷ്ട്രീയത്തിലുള്ള എല്ലാവരും അണ്ണയെ മറന്നെന്നും ഡി.എം.കെയും പ്രധാന എതിരാളികളായ എ.ഐ.എ.ഡി.എം.കെയും ലക്ഷ്യം വച്ച് വിജയ് വിമർശിച്ചു. തമിഴ്നാടിന്‍റെ മുൻ മുഖ്യമന്ത്രിയുംദ്രാവിഡ രാഷ്ട്രീയത്തിലെ പ്രധാന പ്രത്യയശാസ്ത്രജ്ഞനുമായ സി. എൻ അണ്ണാദുരൈയെ ഉദ്ദേശിച്ചായിരുന്നു പ്രസ്താവന.
അധികാരത്തിലിരിക്കുന്ന പാർട്ടികൾക്ക് പോളിംഗ് ബൂത്തുകൾ വ്യാജ വോട്ട് കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. "ഓരോ വോട്ടും സംരക്ഷിക്കുക, എല്ലാവരെയും കാണുക. ദുഷ്ടശക്തിയെയും (ഡി.എം.കെ) അഴിമതി ശക്തിയെയും (എ.ഐ.എ.ഡി.എം.കെ) നേരിടാൻ ടി.വി.കെയ്ക്ക് മാത്രമേ ധൈര്യമുള്ളൂ- വിജയ് പറഞ്ഞു.
പാർട്ടി നാളെ സംസ്ഥാനവ്യാപകമായി പ്രചാരണ പര്യടനം ആരംഭിക്കുമെന്ന് ടി.വി.കെ നേതാക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പിന്തുണ നേടുന്നതിനായി സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം ഉണ്ടാകും. ടി.വി.കെ ഇതുവരെ ഒരു പാർട്ടിയുമായും സഖ്യം പ്രഖ്യാപിച്ചിട്ടില്ല. സുഹൃത്തുക്കളില്ലാതെ ഞങ്ങൾ ഒറ്റയ്ക്ക് വിജയിക്കുമെന്നും വിജയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

