Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബാബറി മസ്ജിദ്...

‘ബാബറി മസ്ജിദ് പൊളിക്കാൻ പാടില്ലെന്ന് പറയുന്നത് എങ്ങനെ രാജ്യവിരുദ്ധമാകും?’; എസ്.ഡി.പി.ഐ പ്രവർത്തകരുടെ നാടുകടത്തൽ റദ്ദാക്കി ബോംബെ ഹൈകോടതി, മുംബൈ പൊലീസിന് രൂക്ഷവിമർശനം

text_fields
bookmark_border
Babri Masjid Demolition
cancel

മുംബൈ: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കാൻ പാടില്ലായിരുന്നു എന്ന് അഭിപ്രായം പ്രകടിപ്പിക്കുന്നത് രാജ്യവിരുദ്ധമായി കാണാനാകില്ലെന്ന് ബോംബെ ഹൈകോടതിയുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട കേസിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്.ഡി.പി.ഐ) രണ്ട് ഭാരവാഹികളെ നാടുകടത്താനുള്ള മുംബൈ പൊലീസിന്‍റെ ഉത്തരവ് ഹൈകോടതി റദ്ദാക്കി.

കേസിൽ വാദം കേൾക്കുന്നതിനിടെ മുംബൈ പൊലീസിനെ രൂക്ഷമായാണ് കോടതി വിമർശിച്ചത്. ഹരജിക്കാർ ഒരു പ്രത്യേക മതവിഭാഗത്തിൽപെട്ടവരായതിനാലാണോ അവരെ ലക്ഷ്യമിടുന്നതെന്ന് കോടതി ചോദിച്ചു. “അവരുടെ കാഴ്ചപ്പാടിൽ ബാബറി മസ്ജിദ് തകർക്കാൻ പാടില്ലായിരുന്നു! അത് എങ്ങനെയാണ് രാജ്യവിരുദ്ധമാകുന്നത്? അത് രാജ്യവിരുദ്ധമല്ല! അത് അവരുടെ കാഴ്ചപ്പാടാണ്! എല്ലാവർക്കും അതിനുള്ള അവകാശമുണ്ട്” -ജസ്റ്റിസ് മാധവ് ജാംദാർ നിരീക്ഷിച്ചു. ഒരു പ്രത്യേക മതത്തിൽപെട്ടവരായതുകൊണ്ട് മാത്രം നടപടിയെടുക്കുകയാണോ എന്നും കോടതി ചോദിച്ചു.

ഫിറോസ് അബ്ദുൽ വഹാബ് ഖാൻ, മുഹമ്മദ് റഫീഖ് ഗുലാം റസൂൽ അൻസാരി എന്നിവരെയാണ് ഒരു വർഷത്തേക്ക് മുംബൈയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി 2025 ഡിസംബർ മൂന്നിന് മുംബൈ പൊലീസ് നാടുകടത്തൽ ഉത്തരവിട്ടത്. പൊലീസിന്‍റെ വിചിത്ര ഉത്തരവ് ചോദ്യം ചെയ്ത് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ, ചെമ്പൂർ-ഗോവണ്ടി മേഖലയിലെ സിമന്റ് ഗോഡൗണുകൾ ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരായ പ്രകടനങ്ങൾ, ബാബറി മസ്ജിദ് പ്രതിഷേധങ്ങൾ എന്നിവയിൽ പങ്കെടുത്തതിന്‍റെ പേരിൽ 2024ലും 2025ലും രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ നടപടി.

സമാന പ്രതിഷേധ പ്രകടനങ്ങളിൽ മറ്റ് പല രാഷ്ട്രീയ പാർട്ടി അംഗങ്ങളും പങ്കെടുത്തിരിക്കെ, ഇവർക്കെതിരെ മാത്രമായ നാടുകടത്തൽ ഉത്തരവുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. “എഫ്.ഐ.ആർ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമെതിരെയാണ്, എന്നാൽ ഇവരെ മാത്രമാണ് ല‍ക്ഷ്യമിട്ടത്. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ല. കോൺഗ്രസ് പാർട്ടിയുടെയോ ശിവസേനയുടെയോ (ഉദ്ധവ് ബാലാസാഹെബ് താക്കറെ) രാഷ്ട്രീയ പ്രവർത്തകർക്കെതിരെ നിങ്ങൾ നടപടിയെടുത്തിട്ടുണ്ടോ? ഒരു പ്രത്യേക മതത്തിൽപെട്ടവരായതുകൊണ്ട് മാത്രമാണോ നടപടിയെടുക്കുന്നത്?” -ജഡ്ജി ചോദിച്ചു.

മൗലികാവകാശങ്ങളുടെ കാര്യത്തിൽ മറ്റ് വ്യാഖ്യാനങ്ങൾക്ക് സ്ഥാനമില്ല. എഫ്.ഐ.ആറുകളിൽ മുദ്രാവാക്യം വിളിച്ചതിനെ കുറിച്ചു മാത്രമാണ് പരാമർശിക്കുന്നത് പൊതുമുതൽ നശിപ്പിക്കുകയോ ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് ജാംദാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് നാടുകടത്തിൽ ഉത്തരവ് റദ്ദാക്കിയത്.

അഡ്വ. ഇബ്രാഹിം ഹർബതാണ് ഹരജിക്കാർക്കുവേണ്ടി ഹാജരായത്. വ്യക്തികൾക്കോ സ്വത്തിനോ അപകടമുണ്ടാക്കുന്ന തരത്തിൽ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ നാടുകടത്താൻ അനുവദിക്കുന്ന മഹാരാഷ്ട്ര പൊലീസ് ആക്ടിലെ സെക്ഷൻ 56 പ്രകാരം ചുമത്താവുന്ന യാതൊരു കുറ്റങ്ങളും ആരോപിക്കപ്പെട്ട പ്രവർത്തികളിൽ ഇല്ലെന്ന് ഇബ്രാഹിം കോടതിയിൽ പറഞ്ഞു. ബാബറി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ അടിസ്ഥാനമാക്കി കേസെടുത്തതിനെയും കോടതി ശക്തമായി വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtBabri Masjid Demolition
News Summary - it is not anti-national to say Babri Masjid shouldn’t have been demolished -Bombay HC
Next Story