വിദ്യാർഥിനിയെ കൊന്നയാൾ തൂങ്ങിമരിച്ചെന്നത് കള്ളം; പ്രതി തോക്കുമായി പിടിയിൽ
text_fieldsഎം. പ്രകാശ്, മീന
മടിക്കേരി: കുടകിലെ സോമവാർപേട്ടയിൽ 16കാരിയായ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത തെറ്റ്. പ്രതിയെ വിദ്യാർഥിനിയുടെ വീടിന് സമീപംവെച്ച് വെടിയുണ്ട നിറച്ച ഒറ്റക്കുഴൽ തോക്ക് സഹിതം അറസ്റ്റ് ചെയ്തു. പ്രതി തൂങ്ങിമരിച്ചെന്ന വാർത്ത കുടകിലേതടക്കം പല മാധ്യമങ്ങളും വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതി ശനിയാഴ്ച രാവിലെ പിടിയിലാകുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കൊലപാതകക്കേസിൽ പ്രതിയായ പ്രകാശുമായി വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ, വനിത ശിശുക്ഷേമ വകുപ്പിൽ പരാതി നൽകിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂയെന്ന് പൊലീസ് അറിയിച്ചത് കാരണം വിവാഹം മുടങ്ങി.
ഇത് മുടക്കിയത് പെൺകുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയിൽ ബലപ്പെട്ടിരുന്നതായും അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായും കുടക് പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ ശനിയാഴ്ച വൈകീട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. അതിനാൽ, പ്രതി വീണ്ടുമെത്തി പെൺകുട്ടിയുടെ സഹോദരിയെക്കൂടി കൊലപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപപ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിയുണ്ട നിറച്ച തോക്കുമായി പ്രതിയെ പൊലീസ് ശനിയാഴ്ച പുലർച്ചയോടെ പിടികൂടുന്നത്.
കൊലപാതകത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ പ്രതി തൂങ്ങിമരിച്ചെന്ന പ്രചാരണം വ്യാപകമായിരുന്നു. ഇത്തരം പ്രചാരണം നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
സോമവാർ പേട്ട താലൂക്ക് സുർലബ്ബി ഗ്രാമത്തിലെ സുബ്രമണിയുടെ മകൾ മീനയെയാണ് വ്യാഴാഴ്ച വൈകീട്ട് ഹമ്മിയാല ഗ്രാമത്തിലെ പ്രകാശ് എന്ന യുവാവ് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച എസ്.എസ്.എൽ.സി പരീക്ഷാഫലം വന്ന് വിജയിയാണെന്ന് അറിഞ്ഞ് മീന സന്തോഷിച്ചിരിക്കെയായിരുന്നു അക്രമണവും മരണവും. വിദ്യാർഥിനിയെ കൊലപ്പെടുത്തിയശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. വിവാഹം മടങ്ങിയതിലുള്ള നിരാശയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

