ബി.ജെ.പിയുമായി താരതമ്യം ചെയ്ത് ആർ.എസ്.എസിനെ മനസ്സിലാക്കുന്നത് വലിയ തെറ്റ് -മോഹൻ ഭാഗവത്
text_fieldsമോഹൻ ഭാഗവത്
കൊൽക്കത്ത: ഭാരതീയ ജനത പാർട്ടി (ബി.ജെ.പി)യുമായി രാഷ്ട്രീയ സ്വയംസേവക് സംഘത്തെ (ആർ.എസ്.എസ്) താരതമ്യം ചെയ്ത് വിലയിരുത്തുന്നത് തെറ്റിദ്ധാരണകൾക്ക് കാരണമാകുമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. കൊൽക്കത്തയിൽ സംഘടിപ്പിച്ച 'ആർ.എസ്.എസ് 100 വ്യാഖ്യാന മാല' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും ആർ.എസ്.എസിനെ ബി.ജെ.പിയുമായി മാത്രം ബന്ധിപ്പിച്ചു കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. 'ആർ.എസ്.എസിനെ ബി.ജെ.പിയുടെ ലെൻസിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് വലിയൊരു തെറ്റാണ്. സംഘത്തെ കേവലമൊരു സേവന സംഘടനയായോ രാഷ്ട്രീയ വിഭാഗമായോ താരതമ്യം ചെയ്യുന്നത് കൂടുതൽ തെറ്റിദ്ധാരണകളിലേക്ക് നയിക്കും' അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും ആർ.എസ്.എസും തമ്മിൽ പ്രവർത്തനരീതികളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ അത് ഒരിക്കലും ഹൃദയങ്ങൾ തമ്മിലുള്ള അകൽച്ചയല്ല. നരേന്ദ്ര മോദി സർക്കാരുമായും മുൻപ് നിലവിലിരുന്ന സർക്കാരുകളുമായും ആർ.എസ്.എസിന് നല്ല ഏകോപനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന, നിസ്വാർഥ സേവന തൽപ്പരരായ വ്യക്തികളെ (സജ്ജൻ) വാർത്തെടുക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. കേവലമായ അധികാരമല്ല, മറിച്ച് ധാർമ്മിക മൂല്യങ്ങളുള്ള സ്വയംസേവകരെ സൃഷ്ടിക്കുന്നതിലൂടെ ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് ആർ.എസ്.എസ് വിഭാവനം ചെയ്യുന്നത്. ആർ.എസ്.എസ്, സംഘടനയുടെ നൂറാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഇന്ത്യയുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ഊന്നിയുള്ള വികസന മാതൃകകൾക്കാണ് മുൻഗണന നൽകുന്നത്. വ്യാഴാഴ്ച നടന്ന യുവജന സമ്മേളനത്തിലും സമാനമായ രീതിയിലാണ് അദ്ദേഹം സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

