ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് രാമസേതു വഴി നീന്തി എത്തി ഐ.ടി ദമ്പതികൾ; ദൗത്യം പൂർത്തിയാക്കിയത് 11 മണിക്കൂർ കൊണ്ട്
text_fieldsബംഗളൂരു: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് രാമസേതു വഴി 11 മണിക്കൂർ കൊണ്ട് നീന്തിക്കയറി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗളൂരുവിലെ ഒരു ഐ.ടി ദമ്പതികൾ. സോഫ്റ്റ്‌വെയർ പ്രൊഫഷണലുകളായ ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദുമാണ് പാല്ക് സ്ട്രെയിറ്റിലൂടെ നീന്തി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദമ്പതികളായി മാറിയത്.
മേയ് 7-ന് പുലർച്ചെ 4.30-ഓടെ ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് ആരംഭിച്ച ഇവരുടെ യാത്ര, ഏകദേശം 32 കിലോമീറ്റർ താണ്ടി വൈകുന്നേരം 3.15-ഓടെ തമിഴ്‌നാട്ടിലെ ധനുഷ്കോടിയിൽ അവസാനിച്ചു. 10 മണിക്കൂർ 45 മിനിറ്റാണ് ഈ കഠിനമായ ദൗത്യം പൂർത്തിയാക്കാൻ ഇവർ എടുത്ത സമയം.
ശക്തമായ തിരമാലകൾ, മാറുന്ന കാറ്റ്, ദിശ തെറ്റിക്കുന്ന സമുദ്രപ്രവാഹങ്ങൾ എന്നിവയെ വകഞ്ഞുമാറ്റിയാണ് ഇവർ ലക്ഷ്യസ്ഥാനത്തെത്തിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും പാരാമെഡിക്കൽ സംഘത്തിന്റെയും സുരക്ഷാ ബോട്ടുകളുടെയും കർശനമായ മേൽനോട്ടത്തിലായിരുന്നു നീന്തൽ. ഡാനിഷും വൃഷാലിയും നീന്തൽ പരിശീലനം ആരംഭിച്ചത് നാലു വർഷം മുമ്പാണ്.
സാഹസിക കായിക പ്രേമികൾക്കും അത്‌ലറ്റുകൾക്കും വലിയ പ്രചോദനമാണ് ഡാനിഷിന്റെയും വൃഷാലിയുടെയും ഈ നേട്ടം. ഇന്ത്യയിലെ ഓപ്പൺ വാട്ടർ സ്വിമ്മിംഗ് രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഈ ചരിത്രയാത്ര വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

