Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘തമിഴ്‌ മണ്ണിൽ ഹിന്ദി പഠിപ്പിക്കില്ലെന്ന് പറയാനാവില്ല, മനോഭാവം മാറണം’ -തമിഴ്നാട് സർക്കാറിനോട് സുപ്രീം കോടതി

text_fields
bookmark_border
vijay
cancel
camera_alt

വിജയ്

ന്യൂഡൽഹി: തമിഴ്‌നാടിന്റെ മണ്ണിൽ ഹിന്ദി പഠിപ്പിക്കില്ല എന്ന് പറയാനാവില്ലെന്നും നിങ്ങളുടെ മനോഭാവം മാറണമെന്നും തമിഴ്നാട് സർക്കാറിനോട് സുപ്രീം കോടതി. എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈകോടതി വിധിക്കെതിരെ തമിഴ്‌നാട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ വാക്കാൽ പരാമർശം. ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തമിഴ്‌നാട്ടിൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് ഭീഷണിയായി കാണരുതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ‘നിങ്ങളുടെ മനോഭാവം മാറണം. തമിഴ്‌നാടിന്റെ മണ്ണിൽ ഹിന്ദി പഠിപ്പിക്കില്ല എന്ന് പറയാനാവില്ല. ഭാഷാ വിഷയം കേന്ദ്രവും സംസ്ഥാനവും തമ്മിൽ ചർച്ച ചെയ്യൂ. രണ്ടാം ഭാഷയായി തമിഴ് വേണമെങ്കിൽ അത് പരിഗണിക്കാവുന്ന വിഷയമാണ്. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കേന്ദ്ര മന്ത്രാലയ സെക്രട്ടറിയുമായി സംസാരിക്കണം’ -നാഗരത്ന നിർദേശിച്ചു. മുൻപ് ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഹിന്ദിയുടെ കാര്യത്തിൽ കേന്ദ്രം വാശിപിടിക്കുകയാണെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത മറുപടി പറഞ്ഞു. എങ്കിലും മറ്റൊരു റൗണ്ട് ചർച്ചയ്ക്ക് കൂടി സമ്മതമാണെന്ന് അദ്ദേഹം അറിയിച്ചു.

സഹകരണ ഫെഡറലിസത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കോടതി, ചെന്നൈയിലുള്ളവർ ഡൽഹിയിലുള്ളവരെ മാറ്റിനിർത്തരുതെന്നും തിരിച്ചും അങ്ങനെ ചെയ്യരുതെന്നും അഭിപ്രായപ്പെട്ടു. ‘സംസ്ഥാനത്ത് നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പുറമെ അധികമായി ഒന്നുകൂടി വരുന്നത് നിങ്ങളുടെ നിലവാരം കുറയ്ക്കില്ല. ഡൽഹിയിൽ നിന്നുള്ളവ ചെന്നൈയുടെ നിലവാരം താഴ്ത്തില്ല’ -കോടതി വ്യക്തമാക്കി.

എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്തണമെന്ന 2025 ഡിസംബർ 15-ലെ ഉത്തരവ് പാലിക്കണ​മെന്നും തമിഴ്‌നാട് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. പൂർണ്ണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ച് കേന്ദ്ര പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നവോദയ വിദ്യാലയ സമിതി നടത്തുന്ന റെസിഡൻഷ്യൽ സ്കൂളുകളാണ് നവോദയ വിദ്യാലയങ്ങൾ. സ്കൂളുകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള ഭിന്നതകൾ കേന്ദ്രവും സംസ്ഥാനവും ചർച്ചകളിലൂടെ പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മുൻ ഉത്തരവ് പിൻവലിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം തള്ളിയ കോടതി, ജില്ലകളിൽ അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനായി മൂന്ന് മാസത്തെ സമയം കൂടി അനുവദിക്കുകയും നയപരമായ കാര്യങ്ങളിൽ ഇരു സർക്കാരുകളുടെയും പ്രതിനിധികൾ തുടർചർച്ചകൾ നടത്താൻ നിർദേശിക്കുകയും ചെയ്തു.

നവോദയ സ്കൂളുകളിൽ ഹിന്ദി ഉൾപ്പെടുന്ന ത്രിഭാഷാ നയം പിന്തുടരുമ്പോൾ, തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയമാണ് നിലവിലുള്ളതെന്നതാണ് പദ്ധതിയെ സംസ്ഥാനം എതിർക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. സ്കൂളുകൾക്കോ ഹിന്ദി പഠിപ്പിക്കുന്നതിനോ സംസ്ഥാനത്തിന് എതിർപ്പില്ലെന്നും മറിച്ച് നവോദയ പദ്ധതിയുമായി ബന്ധപ്പെട്ട ഭാഷാ നയത്തോടാണ് എതിർപ്പെന്നും ഗുപ്ത വ്യക്തമാക്കി. ‘ത്രിഭാഷാ നയം സംസ്ഥാന നയത്തിന് എതിരും തമിഴിനെ മറികടക്കുന്നതുമാണ്. ഭരണഘടന ഉദ്ദേശിക്കുന്ന രീതിയിലുള്ള ഏകീകരണമല്ല. നവോദയ കേന്ദ്ര ഗവൺമെന്റ് സ്കൂളല്ല, മറിച്ച് ഒരു സൊസൈറ്റി നടത്തുന്ന സ്കൂളാണ്. ഹിന്ദിക്ക് പ്രാധാന്യം നൽകണമെന്ന വാശി ഇവിടെയുണ്ട്’ -ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

റിട്ട് ഹർജിയിലൂടെ കേന്ദ്ര നയം സ്വീകരിക്കാൻ സംസ്ഥാനത്തെ നിർബന്ധിക്കാൻ ജുഡീഷ്യറിക്ക് കഴിയില്ലെന്നും വിദ്യാഭ്യാസം സമവർത്തി പട്ടികയിൽ ഉള്ളതിനാൽ സ്വന്തമായി വിദ്യാഭ്യാസ നയം രൂപീകരിക്കാൻ തമിഴ്‌നാടിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും നവോദയ പദ്ധതി നിർബന്ധിതമല്ലെന്നും തമിഴ്‌നാട് വാദിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച ജസ്റ്റിസ് നാഗരത്ന, ’വിദ്യാഭ്യാസം സമവർത്തി പട്ടികയിലാണ്. അവിടെ സഹകരണ ഫെഡറലിസം ആവശ്യമാണ്. ഓരോ സംസ്ഥാനവും കേന്ദ്ര നയങ്ങൾ അംഗീകരിക്കില്ല എന്ന് പറഞ്ഞാൽ എന്താണ് സംഭവിക്കുക?’ എന്ന് ചോദിച്ചു. തമിഴ്‌നാടിന് സ്വന്തം സ്ഥാപനങ്ങൾ നടത്തുകയും സ്വന്തം സിലബസ് പിന്തുടരുകയും ചെയ്യാമെന്നും നവോദയ സ്കൂളുകൾ ഒരു അധിക വിദ്യാഭ്യാസ അവസരം മാത്രമാണ് നൽകുന്നതെന്നും കോടതി പറഞ്ഞു.

നവോദയ സ്കൂളുകൾ തമിഴ്‌നാടിന്റെ വിദ്യാഭ്യാസ നിലവാരം കുറയ്ക്കുമെന്ന വാദം തള്ളിയ ബെഞ്ച്, ‘ഞങ്ങൾ നിങ്ങളെയോ അവരെയോ മാറ്റിനിർത്തുന്നില്ല. പുതിയ സ്കൂളുകൾ വരുന്നത് നിങ്ങളുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കുകയേ ഉള്ളൂ. ഇത് നിലവാരം കുറയ്ക്കില്ല. നവോദയ സ്കൂളുകൾ തമിഴ്‌നാടിന്റെ വിദ്യാഭ്യാസ നിലവാരം കുറയ്ക്കുമെന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുമായിരുന്നു. എന്നാൽ ഇവിടെ സാഹചര്യം അതല്ല, ഇത് കൂടുതൽ അവസരങ്ങൾ നൽകുകയാണ് ചെയ്യുക. അന്തിമമായി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണം’ -കോടതി പറഞ്ഞു.

സാമ്പത്തിക തടസ്സങ്ങളും തമിഴ്‌നാട് കോടതിയിൽ ഉന്നയിച്ചു. വിദ്യാഭ്യാസത്തിനായി 5,000 കോടി രൂപ നൽകാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നൽകിയിട്ടില്ലെന്നും നിലവിലുള്ള പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കാത്തപ്പോൾ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നും ഗുപ്ത വാദിച്ചു. എന്നാൽ പദ്ധതി പ്രകാരം ഭൂമി വിട്ടുനൽകുക മാത്രമാണ് സംസ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്തമെന്നും നിർമ്മാണ ചെലവുകളും മറ്റ് ചെലവുകളും കേന്ദ്ര സർക്കാരാണ് വഹിക്കുന്നതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വ്യക്തമാക്കി.

പദ്ധതി ആരംഭ ഘട്ടത്തിലാണെന്നും നിർമ്മാണത്തിന് വർഷങ്ങളെടുക്കുമെന്നും ഈ സമയത്തിനിടയിൽ ഭാഷാപരമായ ഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ജില്ലയിലും ഏകദേശം 30 ഏക്കർ ഭൂമി ആവശ്യമാണെന്നും നയം സ്വീകരിക്കുന്നതിന് മുൻപ് ഭൂമി കണ്ടെത്തുന്നത് പ്രയാസമുണ്ടാക്കുമെന്നും ഗുപ്ത ചൂണ്ടിക്കാണിച്ചപ്പോൾ, ഉടൻ തന്നെ ഭൂമി ഏറ്റെടുക്കാൻ നിർദേശിക്കുന്നില്ലെന്നും ഗവൺമെന്റ് പ്ലാനിൽ അനുയോജ്യമായ ഭൂമി അടയാളപ്പെടുത്താൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

എല്ലാ ജില്ലകളിലും ആറാഴ്ചയ്ക്കകം ഭൂമി കണ്ടെത്താൻ 2025 ഡിസംബറിലാണ് സുപ്രീം കോടതി ആദ്യം ഉത്തരവിട്ടത്. തുടർന്ന് സംസ്ഥാനം ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭരണമാറ്റവും കേന്ദ്രവുമായുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്തതുമാണ് ഉത്തരവ് പാലിക്കാൻ കഴിയാത്തതിന് കാരണമായി തമിഴ്‌നാട് ചൂണ്ടിക്കാണിച്ചത്. എന്നാൽ കാര്യങ്ങൾ എന്തൊക്കെയായാലും, ഓരോ ജില്ലയിലും സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്താൻ 2025 ഡിസംബർ 15-ലെ ഉത്തരവ് ഹർജിക്കാർ പാലിക്കണമെന്ന് നിർദേശിക്കുന്നതായി വ്യക്തമാക്കിയ ബെഞ്ച്, ഭൂമി കണ്ടെത്താനുള്ള ഉത്തരവ് പിൻവലിക്കാൻ വിസമ്മതിക്കുകയും നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സമയം അനുവദിക്കുകയുമായിരുന്നു. ഭൂമി കണ്ടെത്തുന്ന നടപടികൾക്കൊപ്പം നയപരമായ ചർച്ചകൾ തുടരണമെന്നും കോടതി ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - It can't be that Hindi will not be taught in Tamil Nadu, SC tells state during hearing on Navodaya schools
Next Story