മതവിശ്വാസമില്ലാത്തവർക്ക് ‘നോ കാസ്റ്റ് നോ റിലിജിയൻ’ സർട്ടിഫിക്കറ്റ് നൽകണം; നിർദേശവുമായി മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്‍റെയോ പേരിൽ തിരിച്ചറിയാൻ ആഗ്രഹിക്കാത്തവർക്ക് ‘നോ കാസ്റ്റ് നോ റിലിജിയൻ’ സർട്ടിഫിക്കറ്റ് നൽകാൻ റവന്യു ഉദ്യോഗസ്ഥർക്ക് അധികാരം നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മദ്രാസ് ഹൈകോടതി തമിഴ്നാട് സർക്കാറിനോട് നിർദേശിച്ചു. തിരുപ്പത്തൂർ ജില്ലയിൽനിന്നുള്ള എച്ച്. സന്തോഷ് എന്നയാൾ തന്‍റെ കുടുംബത്തിന് ഈ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ തഹസിൽദാരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. നേരത്തെ സിംഗ്ൾ ബെഞ്ച് ഹരജി തള്ളിയിരുന്നു.
രണ്ട് മക്കളുടെ പിതാവായ സന്തോഷ്, മതത്തിന്‍റെയോ ജാതിയുടെയോ പേരിൽ താനോ മക്കളോ എന്തെങ്കിലും സർക്കാർ സഹായം വാങ്ങിയിട്ടില്ലെന്നും ഭാവിയിൽ അത്തരത്തിലൊന്നിന് താൽപര്യമില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജാതി, മത സ്വത്വങ്ങളിൽനിന്ന് മുക്തമായ സമൂഹത്തിൽ മക്കളെ വളർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും സന്തോഷ് പറയുന്നു.
സിംഗ്ൾ ബെഞ്ച് ഉത്തരവ് തള്ളിയ ഡിവിഷൻ ബെഞ്ച്, ഒരു മാസത്തിനകം ഹരജിക്കാരന് സർട്ടിഫിക്കറ്റ് നൽകണമെന്ന് തിരുപ്പത്തൂർ ജില്ലാ കലക്ടർക്കും ബന്ധപ്പെട്ട തഹസിൽദാർക്കും നിർദേശം നൽകി. ഇതേ ആവശ്യവുമായി എത്തുന്ന യോഗ്യരായ അപേക്ഷകർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ റവന്യൂ അധികൃതർക്ക് അധികാരം നൽകി ഉത്തരവിടാൻ സർക്കാറിനോടും കോടതി നിർദേശിച്ചു.
ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടന നിരോധിക്കുമ്പോഴും, സംവരണ നയത്തിലൂടെ സാമൂഹ്യ ജീവിതത്തിലും വിദ്യാഭ്യാസത്തിലും തൊഴിൽരംഗത്തും ജാതിയും മതവും പ്രത്യേക പങ്കുവഹിക്കുന്നതായി കോടതി നിരീക്ഷിച്ചു. ഹരജിക്കാരന്‍റെ നീക്കം സാമൂഹിക സമത്വം കൊണ്ടുവരുന്നതിന് സഹായിക്കും. സമാന മനസ്കരുടെ കണ്ണുതുറപ്പിക്കും. സർക്കാർ ഉത്തരവില്ലാത്തതിനാൽ സർട്ടിഫിക്കറ്റ് അനുവദിക്കാനാകില്ലെന്ന തഹസിൽദാരുടെ വാദം തള്ളിയ കോടതി തിരുപ്പത്തൂർ, കോയമ്പത്തൂർ, അമ്പത്തൂർ എന്നിവിടങ്ങളിലെ തഹസിൽദാർമാർ മുമ്പ് ഈ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചു.
ഭരണഘടനാ അനുച്ഛേദം 25 മതസ്വാതന്ത്ര്യം അനുവദിക്കുമ്പോഴും സാമൂഹ്യ ക്ഷേമത്തിനും പരിഷ്കരണത്തിനുമായി നിയമനിർമാണം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജാതിയുടെയോ മതത്തിന്‍റെയോ പേരിൽ തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കാത്തവരുടെ മനസ്സാക്ഷിയെ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാറിനുണ്ടെന്നും കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.