ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-03യുടെ വിക്ഷേപണം പരാജയം
text_fieldsശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-03യുടെ വിക്ഷേപണം പരാജയം. ഐ.എസ്.ആർ.ഒയാണ് വിക്ഷേപണം പരാജയപ്പെട്ട വിവരം അറിയിച്ചത്. വിക്ഷേപണത്തിന്‍റെ ആദ്യ രണ്ട് ഘട്ടവും വിജയമായിരുന്നുവെങ്കിലും മൂന്നാംഘട്ടം പരാജയമാവുകയായിരുന്നു. ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിച്ചു.
ജി.എസ്.എൽ.വി-എഫ് 10 റോക്കറ്റാണ് ഉപഗ്രഹവുമായി കുതിച്ചത്. ഇന്ന് പുലർച്ചെ 5.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം. ആദ്യത്തെ രണ്ട് ഘട്ടവും പ്രതീക്ഷിച്ചത് പോലെ മുന്നേറി. എന്നാൽ, ക്രയോജനിക് എൻജിന്‍റെ പ്രവർത്തനം നടക്കുന്ന മൂന്നാം ഘട്ടത്തിലാണ് തകരാർ സംഭവിച്ചത്. വിക്ഷേപണം പൂർണവിജയമല്ല. ചില തകരാറുകൾ ഉണ്ടായിട്ടുണ്ടെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-03. 2268 കിലോഗ്രാമാണ് ഭാരം. ശക്തിയേറിയ കാമറകൾ ഉപയോഗിച്ച് ഉപഗ്രഹം നിരീക്ഷണം സാധ്യമാക്കും.