സുരക്ഷാ ആശങ്ക; ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം വീണ്ടും മാറ്റി
text_fieldsന്യൂഡൽഹി: ഈ വർഷാവസാനത്തേക്ക് ഷെഡ്യൂൾ ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ഡൽഹിയിലുണ്ടായ സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾ മൂലമാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ സന്ദർശനം മാറ്റിയത് എന്നാണ് റിപ്പോർട്ട്. ഡൽഹി സ്ഫോടനത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഈ വർഷം ഇത് മൂന്നാം തവണയാണ് സുരക്ഷ ആശങ്കകൾ മൂലം നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെക്കുന്നത്.
2018ലാണ് ഏറ്റവും ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്. സുരക്ഷ സംന്ധിച്ച ആശങ്കകളൊക്കെ പരിഹരിച്ച ശേഷം ഇനി 2026ലായിരിക്കും നെതന്യാഹു ഇന്ത്യയിലെത്തുക എന്നാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. ഏപ്രിലിലും സെപ്റ്റംബറിലും ഷെഡ്യൂൾ ചെയ്തിരുന്ന നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനവും മാറ്റിവെച്ചിരുന്നു. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് നെതന്യാഹു ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
സെപ്റ്റംബർ 17 ന് ഇസ്രായേലിൽ നടന്ന മുമ്പില്ലാത്ത വിധത്തിലുള്ള ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പുകൾ കാരണം ഷെഡ്യൂളിംഗ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബർ 9ലെ നെതന്യാഹുവിന്റെ ഒരു ദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയത്. ഏപ്രിലിലെ തിരഞ്ഞെടുപ്പിന് മുമ്പും മറ്റൊരു സന്ദർശനവും റദ്ദാക്കിയിരുന്നു.
2017ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിലെത്തിയിരുന്നു. ജൂത രാഷ്ട്രം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. അതിനു പിന്നാലെയാണ് 2018 ജനുവരി നെതന്യാഹു ഇന്ത്യ സന്ദർശിച്ചത്. തീവ്രവലതുപക്ഷ ചിന്താഗതി പുലർത്തുന്ന മോദിയും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പലതവണ അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ചാവിഷയമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

