രക്തക്കൊതി മാറാതെ ഇസ്രായേൽ; ഗസ്സയിൽ കൊല്ലപ്പെട്ടവർ 3478
text_fieldsഗസ്സ സിറ്റി: ഫലസ്തീൻ ജനതക്ക് മേൽ 13 ദിവസമായി ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3478 ആയി. 12,065 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അതിക്രമത്തിൽ കൊല്ലപ്പെട്ടത് 69 പേരാണ്. 1300 പേർക്കാണ് പരിക്കേറ്റത്. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ മൂന്നിലൊന്നും കുട്ടികളാണ്. ആക്രമണം തുടങ്ങിയ ഒക്ടോബർ ഏഴിന് ശേഷം ഓരോ 15 മിനിറ്റിലും ഓരോ കുട്ടി കൊല്ലപ്പെടുന്നതായാണ് കണക്ക്.
വ്യാഴാഴ്ച രാവിലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 40 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ ബോംബാക്രമണത്തിൽ തകർന്ന വീടിനുള്ളിൽ ഏഴ് കുട്ടികളുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ റഫായിലുണ്ടായ വ്യോമാക്രമണത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിക്ക് ശേഷം നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഖാൻ യൂനിസിൽ മാത്രം 11 പാർപ്പിട സമുച്ചയങ്ങൾ തകർന്നു. സ്കൂളുകളും സർവകലാശാലകളും ഓഡിറ്റോറിയങ്ങളുമെല്ലാം അഭയാർഥികളാൽ നിറഞ്ഞിരിക്കുകയാണ് ഗസ്സയിൽ.
ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ക്രൂരതയുടെ കൂടുതൽ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബേക്കറികൾക്ക് മുന്നിൽ ഭക്ഷണത്തിനായി വരിനിൽക്കുന്നവർക്ക് നേരെയും വ്യോമാക്രമണമുണ്ടായതായി വഫ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിലെ വിവിധ സ്ഥലങ്ങളിലായി അഞ്ച് ബേക്കറികൾ ഇസ്രായേൽ ആക്രമിച്ച് തകർത്തു.
യുദ്ധം തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പിന്തുണയുമായെത്തിയതിന് പിന്നാലെയാണ് സുനകും ഇസ്രായേലിലെത്തിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി സുനക് കൂടിക്കാഴ്ച നടത്തും.
അതേസമയം, ഗസ്സ അതിർത്തിയിൽ വൻ തോതിലുള്ള സൈനികവിന്യാസം ഇസ്രായേൽ തുടരുകയാണ്. മൂന്ന് ലക്ഷത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചതായാണ് വിവരം. കരയുദ്ധത്തിനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

