യാത്രക്കാരെ തല്ലിച്ചതച്ചു, മുസ്ലിം വിരുദ്ധതയിൽ വീരവാദം; ഓല ഡ്രൈവർക്കെതിരെ സുപ്രീം കോടതി അഭിഭാഷകൻ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ഓല ടാക്സി യാത്രക്കിടെ ഡ്രൈവറിൽ നിന്നും നേരിട്ട അനുഭവവും വർഗീയ അധിക്ഷേപവും വെളിപ്പെടുത്തി സുപ്രീം കോടതി അഭിഭാഷകൻ ഡോ. സൈഫ് മഹ്മൂദ്. യാത്രക്കാരെ മതം നോക്കി മർദിച്ചതായും അക്രമത്തെ മഹത്വവൽക്കരിച്ചതായും ആരോപിക്കപ്പെടുന്ന ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട അഭിഭാഷകൻ ഓല സി.ഇ.ഒ ഭവിഷ് അഗർവാളിന് കത്തയച്ചു.
മാർച്ച് 15-ന് നടത്തിയ യാത്രക്കിടെയാണ് ശ്രീറാം എന്ന് പേരുള്ള ഡ്രൈവർ തന്റെ മുൻകാല അക്രമങ്ങളെക്കുറിച്ച് വാചാലനായത്. വാഹനത്തിലിരുന്ന് മാംസാഹാരം കഴിച്ചുവെന്നാരോപിച്ച് ഒരു മുസ്ലിം യാത്രക്കാരനെ താൻ ക്രൂരമായി മർദിച്ചതായി ഇയാൾ വെളിപ്പെടുത്തി.
"ഒരു ധാബയ്ക്ക് മുന്നിൽ വണ്ടി നിർത്തി അവിടെയുണ്ടായിരുന്ന മറ്റുള്ളവരെയും കൂട്ടി അയാളുടെ കൈകാലുകൾ തല്ലിയൊടിച്ചു. ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാത്ത വിധം അയാളെ അവശനാക്കി," എന്ന് ഡ്രൈവർ പറഞ്ഞതായി ഡോ. മഹ്മൂദ് തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി. നോയിഡയിൽ വെച്ച് സമാനമായ രീതിയിൽ മറ്റൊരു മുസ്ലിം യുവാവിനെ മർദ്ദിച്ച കാര്യവും ഇയാൾ അഭിമാനപൂർവ്വം പങ്കുവെച്ചു.
താൻ മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ ബോധപൂർവ്വം തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ഡോ. സൈഫ് മഹ്മൂദ് പറയുന്നു. ഉത്തർപ്രദേശ് സർക്കാർ ഇത്തരക്കാരെ പാഠം പഠിപ്പിക്കുന്നത് നന്നായി എന്ന തരത്തിലുള്ള രാഷ്ട്രീയ-വർഗീയ പരാമർശങ്ങളും ഡ്രൈവർ നടത്തി. ഇത് വെറുമൊരു സംസാരമല്ലെന്നും കൃത്യമായ ഇസ്ലാമോഫോബിയയും ഭീഷണിയുമാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തെ മഹത്വവൽക്കരിക്കുന്ന ഇത്തരം ഡ്രൈവർമാർ യാത്രക്കാരുടെ സുരക്ഷക്ക് വലിയ ഭീഷണിയാണെന്നും മതത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഡോ. സൈഫ് മഹ്മൂദ് പറഞ്ഞു.
സംഭവത്തിൽ ഓലയുടെ നിലപാട് വ്യക്തമാക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഡ്രൈവർമാർക്കെതിരെ കമ്പനിയുടെ സമീപനം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ, ആരോപണവിധേയനായ ഡ്രൈവർക്കെതിരെയുള്ള നടപടി തുടങ്ങിയ കാര്യങ്ങളും കത്തിൽ ചോദിക്കുന്നുണ്ട്.
തന്റ ചോദ്യങ്ങൾക്ക് കമ്പനി ഉചിതമായ മറുപടി നൽകുന്നില്ലെങ്കിൽ സുപ്രീം കോടതി ബാർ അസോസിയേഷനെയും ഡൽഹി ഹൈകോടതി ബാർ അസോസിയേഷനെയും സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

