പനാജി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്‌പൂർ എഫ്.സിയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരക്കാണ് കളി തുടങ്ങുക. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിലാണ്. 13 കളികളിൽ ആറിലും ജയിച്ചപ്പോൾ രണ്ട് തവണ മാത്രം തോറ്റു.
കാമ്പെയ്‌നിൽ ഇതുവരെ 20 ഗോളുകൾ മാത്രമേ അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളൂവെങ്കിലും ശക്തമായ പ്രതിരോധം അവരെ കൂടുതൽ തവണ വിജയികളാക്കി. 13 മത്സരങ്ങളിൽ 23 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ലീഡുയർത്തി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.
22 പോയിന്‍റുണ്ടെങ്കിലും അഞ്ചാം സ്ഥാനത്താണിപ്പോൾ ജംഷഡ്‌പൂര്‍ എഫ്.സി. ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാൽ ജംഷഡ്പൂരിന് രണ്ടാം സ്ഥാനത്തേക്കുയരാം. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. എതിരാളികളുടെ കരുത്തും ദൗർബല്യവും മനസിലാക്കിയുള്ള വുകോമനോവിച്ചിന്റെ തന്ത്രങ്ങളിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം ജംഷഡ്‌പൂരിന്‍റെ മലയാളി ഗോൾകീപ്പർ ടി. പി രഹനേഷായിരിക്കും ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന വെല്ലുവിളി.
അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡിയാസ് ത്രയത്തിന്‍റെ മികവുതന്നെയാവും ജംഷഡ്‌പൂരിനെതിരെയും നിർണായകമാവുക. ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലെ 87ാം മത്സരമാണ് ബാംബോലിമിലെ ജി.എം.സി സ്റ്റേഡിയത്തിൽ അരങ്ങേറുക.