‘ഇത് ഇംഗ്ലണ്ട് ആണോ? നിങ്ങൾ ജോലി ചെയ്യുന്നത് ബിഹാറിലാണ്’; ഇംഗ്ലീഷിൽ സംസാരിച്ച കർഷകനോട് നിതീഷ് കുമാർ
text_fieldsപട്ന: സർക്കാർ പരിപാടിക്കിടെ ഇംഗ്ലീഷിൽ സംസാരിച്ച യുവ കർഷകനെ ശാസിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അഗ്രികൾച്ചർ റോഡ് മാപ്പിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് സംഭവം. ലഖിസരായിയിൽ നിന്നുള്ള അമിത് കുമാർ എന്ന കർഷകൻ സംസാരിക്കവെ നിതീഷ് കുമാർ ഇടപെടുകയും നിങ്ങൾ ഇംഗ്ലണ്ടിലാണോ ഉള്ളതെന്ന് ചോദിക്കുകയുമായിരുന്നു.
'നിങ്ങൾ ഒരു പാട് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിലെ അനൗചിത്യം ഞാൻ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു. ഇത് ഇംഗ്ലണ്ടാണോ? നിങ്ങൾ ബിഹാറിലാണ് ജോലി ചെയ്യുന്നത്. കൃഷിയാണ് ചെയ്യുന്നത്, അത് സാധാരണക്കാരുടെ തൊഴിലാണ്. -നിതീഷ് കുമാർ പറഞ്ഞു. ലോക്ഡൗൺ കാലത്തുണ്ടായ സ്മാർട്ട് ഫോൺ ആസക്തി കാരണം നിരവധി ആളുകൾ അവരുടെ മാതൃഭാക്ഷ മറന്നതായും നിതീഷ് പറഞ്ഞു.
പ്രസംഗം പുനഃരാരംഭിച്ച ശേഷവും അമിത് കുമാർ വീണ്ടും ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചു. പിന്നാലെ വീണ്ടും ഇടപെട്ട നിതീഷ് താൻ എൻജിനിയറിങ് ആണ് പഠിച്ചതെന്നും തന്‍റെ പഠന മാധ്യമം ഇംഗ്ലീഷ് ആയിരുന്നെന്നും ഓർമ്മിപ്പിച്ചു. പഠനത്തിന് ഇംഗ്ലീഷ് ഉപയോഗിക്കുന്നത് മറ്റൊരു കാര്യമാണെന്നും ദൈന്യംദിന ജീവതത്തിൽ ഇത് പിന്തുടരുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
തുടർന്ന് മാപ്പ് പറഞ്ഞ കർഷകൻ പ്രസംഗം പുനഃരാരംഭിച്ചു. ബിരുദധാരിയായ അമിത് കുമാർ പൂനെയിലെ ജോലി ഉപേക്ഷിച്ച് സ്വന്തം ജില്ലയിൽ കൂൺ കൃഷി ആരംഭിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മുഖ്യമന്ത്രിയെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി.