‘രാജ്യത്തെ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇത്?’; ലഡാക്കിൽ കൊല്ലപ്പെട്ട സൈനികന്റെ വിഡിയോയുമായി രാഹുൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രഭരണ പ്രദേശത്ത് പൊലീസ് വെടിവപ്പിൽ നാല് പ്രതിഷേധക്കാരുടെ മരണത്തിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച ലഡാക്കിൽ കൊല്ലപ്പെട്ടവരിൽ കാർഗിൽ യുദ്ധത്തിലെ സൈനികൻ സെവാങ് താർച്ചിനും ഉൾപ്പെടുന്നു. താർച്ചിന്റെ പിതാവിന്റെ വിഡിയോ ‘എക്സി’ൽ പോസ്റ്റ് ചെയ്തുകൊണ്ട്, ‘അച്ഛനും മകനും സൈനികർ ആണ്. ദേശസ്‌നേഹം അവരുടെ രക്തത്തിൽപോലും നിറഞ്ഞിരിക്കുന്നു. എന്നിട്ടും ബി.ജെ.പി സർക്കാർ ഈ ധീരനായ രാഷ്ട്രപുത്രനെ വെടിവച്ചു കൊന്നു. കാരണം ലഡാക്കിനും അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ടു എന്നതിനാൽ. ആ പിതാവിന്റെ വേദന നിറഞ്ഞ കണ്ണുകൾ ഒരു ചോദ്യം ചോദിക്കുന്നു. രാജ്യത്തെ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇത്’ -രാഹുൽ ഹിന്ദിയിലുള്ള തന്റെ പോസ്റ്റിൽ പറഞ്ഞു.
‘ലഡാക്കിലെ ഈ കൊലപാതകങ്ങളിൽ നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, നിങ്ങൾ ലഡാക്കിലെ ജനങ്ങളെ വഞ്ചിച്ചു. അവർ അവരുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നു. അവരുമായി ആശയവിനിമയം നടത്തുക. അക്രമത്തിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം നിർത്തുക’ - മുൻ കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

