ഇന്ത്യൻ വ്യോമയാന മേഖല തകർച്ചയുടെ വക്കിലോ? ഇന്ധനവില കുറക്കാൻ അടിയന്തര ഇടപെടൽ തേടി എയർലൈനുകൾ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള വിപണിയിൽ വിമാന ഇന്ധനത്തിന് (എ.ടി.എഫ്) വില കുതിച്ചുയർന്ന സാഹചര്യത്തിൽ ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. ഇന്ധനവിലയിൽ ഇളവ് നൽകി വ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളുടെ കൂട്ടായ്മയായ 'ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ്' (എഫ്.ഐ.എ) സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപക്ക് മുകളിലെത്തിയിരിക്കുകയാണ്. ഇതേത്തുടർന്ന് പല വിമാന സർവീസുകളും സാമ്പത്തികമായി ലാഭകരമല്ലാത്ത അവസ്ഥയിലാണെന്ന് വ്യോമയാന രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വിമാന കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 30–40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോൾ 55–60 ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിൽ ഇന്ധനത്തിന്മേലുള്ള 11% എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കണമെന്നും വിവിധ സംസ്ഥാനങ്ങൾ ഈടാക്കുന്ന ഉയർന്ന വാറ്റ് (VAT) കുറകാണാമെന്നും എഫ്.ഐ.എ ആവശ്യപ്പെട്ടു. ക്രൂഡ് ഓയിൽ വിലയിലെ വർധനക്കൊപ്പം വിദേശ രാജ്യങ്ങളിലെ യുദ്ധസാഹചര്യങ്ങളും വിതരണ തടസ്സങ്ങളുമാണ് വില കുതിക്കാൻ കാരണമായത്. ക്രൂഡ് ഓയിൽ വില കുറയുന്ന സമയത്തുപോലും വിമാന ഇന്ധനത്തിന് ഉയർന്ന വില നൽകേണ്ടി വരുന്നതിലെ അപാകതയും കമ്പനികൾ ചൂണ്ടിക്കാട്ടി.
യാത്രക്കാരെ എങ്ങനെ ബാധിക്കും?
ഇന്ധന പ്രതിസന്ധി തുടർന്നാൽ അതിന്റെ ആഘാതം നേരിട്ട് യാത്രക്കാരിലേക്കെത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രവർത്തനച്ചെലവ് താങ്ങാനാവാതെ വരുമ്പോൾ വിമാന ടിക്കറ്റ് നിരക്കുകൾ വൻതോതിൽ വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാകും. കൂടാതെ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ നിർത്തലാക്കാനോ വിമാനങ്ങളുടെ എണ്ണം കുറക്കാനോ സാധ്യതയുണ്ട്. ഇത് യാത്രക്കാരെ നേരിട്ട് തന്നെ ബാധിക്കും. സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ രാജ്യത്തെ വ്യോമയാന മേഖല വലിയ തകർച്ചയെ നേരിടുമെന്നും പല വിമാനക്കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നുമാണ് വ്യവസായ ലോകത്തിന്റെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

